ദളിതര്‍ പ്രതിഷേധവുമായി എത്തിയതോടെ മോദിയുടെ സ്ഥാനം ഇളകുന്നു; ആശങ്കയോടെ ബിജെപി

BJP-supporters-in-New-Delhi2

ദില്ലി: ലക്ഷക്കണക്കിന് വരുന്ന ദളിതരും പട്ടേലന്മാരും ഇടഞ്ഞതോടെ ബിജെപി പ്രതിസന്ധിയിലുമായി. ഏതുനിമിഷവും ഭരണം നഷ്ടമാകുമെന്ന അവസ്ഥയിലാണിപ്പോള്‍. ഗുജറാത്തില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി തോല്‍ക്കുമെന്നുറപ്പാണെന്ന് ആര്‍എസ്എസ് പറയുന്നു.

ഗുജറാത്തിലെ ഹിന്ദുവോട്ട് ബാങ്കില്‍ കാര്യമായ വിള്ളല്‍ വീണെന്നാണ് കണ്ടെത്തല്‍. ഹിന്ദുത്വ വോട്ട് ബാങ്കിന്റെ പ്രധാനഘടകമായ ദളിതര്‍ പൂര്‍ണമായും ബിജെപിക്ക് എതിരേ തിരിഞ്ഞ സാഹചര്യത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പു നടന്നാല്‍ സംസ്ഥനത്ത് ആകെയുള്ള 182 സീറ്റുകളില്‍ 60നും 65നും ഇടയില്‍ സീറ്റുകള്‍ മാത്രമേ ബിജെപിക്കു നേടാനാവുകയുള്ളൂവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. പട്ടേലന്മാരെ പിണക്കിയതും തിരിച്ചടിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിക്കൊപ്പം പരമ്പരാഗതമായി ഉറച്ചുനിന്ന പട്ടേല്‍ സമുദായമാണു തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പക്ഷത്തേക്കു മാറി ബിജെപിയുടെ പ്രതീക്ഷ തകര്‍ത്തത്. പട്ടേല്‍ സമുദായക്കാരുടെ പ്രക്ഷോഭംമൂലം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകള്‍ നഷ്ടമായതായി ആര്‍.എസ്.എസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സര്‍വ്വേ കൂടതല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ദളിതര്‍ക്കൊപ്പം പട്ടേല്‍ സമുദായത്തിന്റെ വോട്ടുകളും എതിരാകുമെന്ന് ആര്‍.എസ്.എസ്. സര്‍വേയില്‍ വ്യക്തമായി.

ദളിത് യുവാക്കളെ മര്‍ദിച്ച സംഭവത്തെത്തുടര്‍ന്നാണ് സംസ്ഥാനത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പിന്നാലെയാണ് ആനന്ദിബെന്നിന് രാജിവയ്ക്കേണ്ടിവന്നത്. ഇതിനൊപ്പം, സര്‍ക്കാര്‍ ജോലിയും ഭൂമിയും ആവശ്യപ്പെട്ട് ആദിവാസികളും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതോടെ ബിജെപി വലിയ തിരിച്ചടിയെ നേരിടുമെന്നാണ് സര്‍വ്വേ പറയുന്നത്. ശാഖാ തലത്തില്‍ ആര്‍.എസ്.എസ്. പ്രചാരകരാണ് സര്‍വേക്കു നേതൃത്വം നല്‍കിയത്.

തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ച് ആര്‍.എസ്.എസിന്റെ കാര്‍മികത്വത്തില്‍ വിശ്വഹിന്ദു പരിഷത്താണ് ഗുജറാത്തില്‍ വോട്ട് ബാങ്കിന് അടിത്തറയിട്ടത്. മോദി മുഖ്യമന്ത്രിയായതോടെ ഹിന്ദുത്വ അജന്‍ഡയിലൂന്നി ഭരണം തുടരുകയും പാര്‍ട്ടിയില്‍ ശക്തനായ നേതാവായി മാറുകയുമായിരുന്നു. ഈ സാഹചര്യത്തിലും വിജയം നിര്‍ണയിച്ചത് ഹിന്ദു വോട്ട് ബാങ്ക് തന്നെയായതിനാല്‍ ഇപ്പോഴത്തെ സാഹചര്യം തീര്‍ത്തും ആശങ്കാജനകമാണെന്നാണ് ആര്‍.എസ്.എസിന്റെ നിഗമനം.

സംസ്ഥാന മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ രാജിക്കു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനു തയാറാണെന്ന് പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ സിങ് വഗേല വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുമ്പ് സംസ്ഥാനത്തെ അറിയപ്പെട്ട ആര്‍.എസ്.എസ്. പ്രചാരകനായിരുന്നു വഗേല. സംസ്ഥാനത്ത് കോണ്‍ഗ്രസിനു ശക്തമായ അടിത്തറയില്ലെങ്കിലും സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ പെട്ടിയിലാക്കാന്‍ കഴിയുമെന്നാണ് വഗേലയടക്കമുള്ളവരുടെ കണക്കുകൂട്ടല്‍.

ദളിതരുടെ നിസഹകരണംമൂലം രണ്ടുദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നടത്താനിരുന്ന ബിജെപിയുടെ റാലി മാറ്റിവച്ചിരുന്നു. ശക്തനായ നേതാവിനെതന്നെ മുഖ്യമന്ത്രിയായി ഇറക്കി സഹാചര്യം അനുകൂലമാക്കാമെന്ന പ്രതീക്ഷ ഇപ്പോഴും ബിജെപിക്കുണ്ട്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം തട്ടകമാണ് ഗുജറാത്ത്. ഗുജറാത്ത് മോഡല്‍ മുദ്രാവാക്യവുമായാണ് ഇന്ത്യയുടെ ഭരണം മോദി പിടിച്ചത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഗുജറാത്ത് കൈവിട്ടു പോകുന്നത് ബിജെപിക്ക് ചിന്തിക്കാന്‍ പോലും ആവാത്ത വിഷയമാണ്. അതുകൊണ്ട് തന്നെ ആര്‍എസ്എസുമായി സഹകരിച്ച് ശക്തമായി തിരിച്ചുവരവിനാകും ബിജെപി ശ്രമിക്കുക.

Top