ആലപ്പുഴ: മുന്നണിയില്‍ ചേരുന്നതിനായി തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ പാലിച്ചില്ല എന്ന കാരണത്താല്‍ എന്‍ഡിഎ വിടാനൊരുങ്ങുകയാണ് ബിഡിജെഎസ്. മറ്റ് ചില ഘടക കക്ഷികളും ബിജിപി മുന്നണിവിട്ട് പുറത്തുവരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സികെ ജാനുവും മുന്നണിക്കകത്തെ വാഗ്ദാന ലംഘനത്തിന്റെ കാര്യം ചര്‍ച്ചയാക്കിയിരുന്നു.
ഭിന്നത രൂക്ഷമായതോടെ ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു നിന്നു ബിഡിജെഎസ് വിട്ടു നില്‍ക്കുകയാണ്. ഇതിനെത്തുടര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പാലിക്കാനാകാത്ത അവസ്ഥയിലാണ് ബിജെപി. തുഷാറിനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തമായ സാന്നിധ്യമുള്ള ചെങ്ങന്നൂരില്‍ വിപരീത ഫലം ചെയ്യും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം ഉപതെരഞ്ഞെടുപ്പിന് മുമ്പ് പാലിച്ചില്ലെങ്കില്‍ പഴയ അവസ്ഥയില്‍ അതും തള്ളപ്പെടുമെന്ന ആശങ്കയാണ് ബിഡിജെഎസിനുള്ളത്. അതിനാല്‍ മുന്നണി വിടുന്ന തീരുമാനത്തില്‍ ഉറ്ചച് നില്‍ക്കുകയാണ് തുഷാറും കൂട്ടരും.
മുന്നണി വിടണോ എന്നു തീരുമാനിക്കുന്നതിനു ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ബുധനാഴ്ച ചേരും. മറ്റു ഘടകകക്ഷികളുമായും ഇവര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ഇന്നു ചെങ്ങന്നൂരില്‍ നിശ്ചയിച്ച എന്‍ഡിഎ യോഗം ആശയക്കുഴപ്പത്തെ തുടര്‍ന്നു മാറ്റിവയ്ക്കുകയും ചെയ്തു.
ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി നടപ്പാക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബെംഗളൂരുവില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തുകയും കര്‍ണാടകയിലെ തിരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കുകയും ചെയ്തു.
തുഷാറിനു രാജ്യസഭാ സീറ്റും മറ്റു പ്രതിനിധികള്‍ക്കു ബോര്‍ഡ്, കോര്‍പറേഷനുകളില്‍ പദവികളുമാണു ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചെങ്കിലും ബിഡിജെഎസിനെ തഴഞ്ഞു. ഘടകകക്ഷികളുടെ സ്ഥാനാര്‍ഥി പട്ടിക പിന്നീടു പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല.
ചെങ്ങന്നൂരില്‍ ബിഡിജെഎസിനും ഘടക കക്ഷികള്‍ക്കും സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി സംസ്ഥാന നേതാക്കളും ശ്രമിക്കുന്നുണ്ട്. ബിഡിജെഎസ് ഭാരവാഹികളുമായി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി ദേശീയ നേതാവ് ബി.എല്‍.സന്തോഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളിക്ക് മാത്രമായി രാജ്യസഭാ സ്ഥാനം നല്‍കുന്നത് ബിഡിജെഎസിനകത്തും മുറുമുറുപ്പുകള്‍ ഉണ്ടാക്കിയിരിക്കുകയാണ്. ആളെണ്ണത്തില്‍ ഒട്ടും പിന്നിലല്ലാത്ത കെപിഎംഎസ് നേതൃത്വത്തിന് ഇക്കാര്യത്തില്‍ നീരസമുണ്ട്. നേമത്തെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കെപിഎംഎസിന്റെ സ്വാധീനം വലുതായിരുന്നു.