വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണെന്ന് വിഎസ്

28TV_V_S__ACHUTHANA

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തി. കോണ്‍ഗ്രസ് സ്വയം ചീഞ്ഞ് ബിജെപിക്ക് വളമാകുകയാണെന്ന് വിഎസ് പറഞ്ഞു. വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണെന്ന് വിഎസ് ആരോപിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരമെന്ന മുഖമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിഎസിന്റെ പ്രതികരണം. ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് കോണ്‍ഗ്രസെന്ന് വി എസ് ഫേസ്ബുക്കിലുടെ ആരോപിച്ചു. ബിജെപിക്ക് ആളെ സംഘടിപ്പിച്ച് കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് ഭാരതത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി പദത്തിലിരുന്ന എത്ര പേരാണ് പരിവാരങ്ങളായി ബിജെപിയില്‍ ചേര്‍ന്ന് ആ സംസ്ഥാനങ്ങളിലെ ഭരണം തന്നെ ബിജെപിക്ക് അടിയറ വച്ചതെന്നും വി എസ് ചോദിക്കുന്നു. കോണ്‍ഗ്രസ് വിട്ട് അനുയായികളോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രം വ്യക്തമായി പ്രതിപാദിക്കുന്നതാണ് വിഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിന് ഉള്ളില്‍ നിന്ന് ഒരു സംഘ് പ്രചാരകനെ പോലെ ബിജെപിക്ക് വിടുപണി ചെയ്യുന്ന കോണ്‍ഗ്രസുകാരനാണ് ഉമ്മന്‍ ചാണ്ടിയെന്നും വിഎസ് ആരോപിക്കുന്നു. അതിനായി വെളളാപ്പളളി നടേശനെ പോലെ ഒരു മാദ്ധ്യവര്‍ത്തിയെയും ഉമ്മന്‍ ചാണ്ടി സൃഷ്ടിച്ചെടുത്തുവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

ഇതിന്റെ ടെസ്റ്റ് ഡോസ്സാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ നാം കണ്ടതെന്നും വിഎസ് പറയുന്നു. ഉമ്മന്‍ ചാണ്ടി തന്നെ മണ്ഡലം തിരിച്ച് ഈ പരീക്ഷണം കേരളമൊട്ടാകെ ഈ നിയമസഭാ തെരെഞ്ഞെടുപ്പില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മദ്ധ്യവര്‍ത്തിയായ നടേശന്‍ യുഡിഎഫ് അധികാരത്തില്‍ വരുന്നതാണ് ബിജെപിക്ക് നല്ലതെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ടെന്നും വിഎസ് പറയുന്നു.

വാളെടുത്ത് വെളിച്ചപ്പാടിനെ പോലെ ‘ഹോം…. ഹൂം ….. ഹ്രീം ……’ എന്ന് ബിജെപിക്കെതിരെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഉറയുന്നത് ആരെ പറ്റിക്കാനാണ്? നിങ്ങളുടെ ഇത്തരം വേലത്തരങ്ങള്‍ കണ്ട് നാട്ടുകാര്‍ വാപൊത്തി ചിരിക്കുകയാണെന്നും വിഎസ് പറയുന്നു. ചുരുക്കി പറഞ്ഞാല്‍ ബിജെപി.ബാധയെ കേരളത്തില്‍ കുടിയിരുത്താന്‍ ശ്രമിച്ച ദുര്‍മന്ത്രവാദിയാണ് ഉമ്മന്‍ചാണ്ടിയെന്നും ജനങ്ങളെന്ന യഥാര്‍ത്ഥ മന്ത്രവാദികള്‍ ഈ ബാധയെ മുച്ചൂടും ഒഴിപ്പിച്ചിരിക്കുമെന്നും വിഎസ് ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

Top