ജനങ്ങളോടുള്ള പെരുമാറ്റം മാതൃകാപരമാകണം; ഇല്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

PINARAYI_VIJAYAN

തിരുവനന്തപുരം: ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളോട് പോലീസ് മാന്യമായിട്ടല്ല പെരുമാറുന്നത്. അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരോടു മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ജനങ്ങളോടുള്ള പെരുമാറ്റം മാതൃകാപരമാകണം. ഇക്കാര്യത്തില്‍ വിജയിച്ചാല്‍ത്തന്നെ പകുതി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാകും. പോലീസിന്റെ പെരുമാറ്റമാണ് എപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നെന്ന് ഉറപ്പുവരുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് പിണറായി പറഞ്ഞു.

ജനങ്ങളോടു മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിച്ചു നല്‍കണമെന്നും അദ്ദേഹം ആവശ്യശപ്പട്ടു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഗൗരവത്തോടെ ഉള്‍ക്കൊണ്ടു തുടര്‍ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകണമെന്നും അരമണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പരാതികള്‍ കേള്‍ക്കാനും ഉദ്യോഗസ്ഥര്‍ പ്രത്യേക സമയം കണ്ടെത്തണം. 20 വര്‍ഷത്തിലേറെയായി മേലധികാരിയുടെ പരിശോധന നടക്കാത്ത പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുണ്ട്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണം. രാത്രികാല പട്രോളിംഗും മറ്റും കാര്യക്ഷമമായി നടക്കുന്നില്ല. ഇതില്‍ മാറ്റം വരണം. ദുരന്തങ്ങള്‍ സംഭവിച്ചിട്ട് അന്വേഷണം നടത്തുന്നതിനേക്കാള്‍ നല്ലത് ഇതൊഴിവാക്കാന്‍ ശ്രമിക്കുന്നതാണ്. ജനപക്ഷത്തു നിന്നാണ് കേരള പോലീസ് പ്രവര്‍ത്തിക്കേണ്ടത്. അഴിമതിമുക്തമായ സേനയുടെ മാതൃകാപരമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള അഴിച്ചുപണി ഉദ്യോഗസ്ഥ തലത്തിലുണ്ടാകുമെന്നും പിണറായി സൂചിപ്പിച്ചു.

വ്യക്തിപരമായ വിയോജിപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതങ്ങളിലും താഴേത്തട്ടിലും പരസ്യ വിഴുപ്പലക്കലുകള്‍ പാടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു മുഖ്യ പരിഗണന നല്‍കണം. ദളിത് ജനവിഭാഗങ്ങള്‍ക്കും വയോജനങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക കര്‍മപദ്ധതി തയാറാക്കണമെന്നും പിണറായി പറഞ്ഞു.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഇന്റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍, എന്‍. ശങ്കര്‍റെഡ്ഡി, എസ്. ആനന്ദകൃഷ്ണന്‍, ആര്‍. ശ്രീലേഖ, ബി. സന്ധ്യ, ഷേഖ് ദര്‍ബേഷ് സാഹിബ്, മനോജ് ഏബ്രഹാം തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Top