വത്തിക്കാൻ സിറ്റി: തെറ്റുകൾ മനുഷ്യസഹജമാണ്, അത് മനുഷ്യരായി പിറന്ന ആർക്കും സംഭവിക്കാം. എന്നാൽ, അത് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുന്നതിലാണ് അയാളുടെ മഹത്വം. കരുണയുടെ ആൾരൂപമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിസ് പാപ്പയ്ക്കും, ക്ഷമ നശിച്ചപ്പോൾ ഇക്കഴിഞ്ഞ ദിവസം അത്തരമൊരു തെറ്റുപറ്റി.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളെ അനുഗ്രഹിച്ച് കടന്നുവരുമ്പോൾ മുൻനിരയിൽ നിന്നിരുന്ന ഒരു യുവതി പാപ്പയുടെ വലതുകൈയിൽ പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചുകൊണ്ട് ഉച്ചസ്വരത്തിൽ എന്തോ പറഞ്ഞപ്പോൾ നടക്കാൻ പ്രയാസമുള്ള പാപ്പയ്ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. വിടാൻ പറഞ്ഞിട്ടും അത് കേട്ടഭാവം നടിക്കാതെ പിടിവിടാതിരുന്ന സ്ത്രീയുടെ കരം മറുകരംകൊണ്ട് തട്ടിമാറ്റി പാപ്പ ദേഷ്യത്തോടെ മുന്നോട്ടു നടന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ച ആ വീഡിയോ ക്ലിപ് കണ്ട് ലോകം അമ്പരന്നു: ഫ്രാൻസിസ് പാപ്പയിൽനിന്ന് ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ല. സഭാ വിരുദ്ധർക്കൊപ്പം ഫ്രാൻസിസ് പാപ്പയെ അന്തിക്രിസ്തുവായി ചിത്രീകരിക്കാൻ വെമ്പുന്നവർകൂടി രംഗത്തിറങ്ങിയതോടെ വീഡിയോ ക്ലിപ്പ് വൈറലായി, ഫ്രാൻസിസ് പാപ്പയുടെ യഥാർത്ഥ മുഖം കാണൂ എന്ന മട്ടിലായിരുന്നു പ്രചാരണം.
എന്നാൽ, പുതുവർഷാരംഭ ദിനമായ ഇന്ന് വിശ്വാസികളുമായുള്ള പതിവ് പ്രാർത്ഥനക്കിടയിൽ പാപ്പ പരസ്യമായി ക്ഷമ ചോദിച്ചു: ‘പലപ്പോഴും ക്ഷമ നഷ്ടപ്പെടുക സ്വഭാവികമാണ്. എന്റെ ജീവിതത്തിലും ഇങ്ങനെ ചിലപ്പോൾ സംഭവിക്കാറുണ്ട്. ഇന്നലെ ഞാൻ നൽകിയ മോശം മാതൃകയ്ക്ക് നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു.’ അപ്രതീക്ഷിതമായ് സംഭവിച്ച ഒരു ചെറിയ തെറ്റ് ന്യായീകരിക്കാതെ എളിമയോടെ ക്ഷമചോദിക്കുന്ന പാപ്പയുടെ ഏറ്റുപറച്ചിൽ പലരെയും അമ്പരപ്പിച്ചിരിക്കുകയാണിപ്പോൾ.