തിരുസഭക്കുവേണ്ടി ജപമാലയും മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥനക്കും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

എല്ലാ പൈശാചിക സ്വാധീനങ്ങളിൽ നിന്നും തിരുസഭയെ സംരക്ഷിക്കുന്നതിനായി മരിയന്‍ മാസമായ ഒക്ടോബറില്‍ ദിവസവും പരിശുദ്ധ കന്യകാ മാതാവിന്റെ ജപമാലയും മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയും ചൊല്ലി പ്രാർത്ഥിക്കുവാൻ ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്ക സമൂഹത്തോട് ആഹ്വാനം ചെയ്തു. ജപമാലക്കൊടുവില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ഏറ്റവും പുരാതന മധ്യസ്ഥ പ്രാര്‍ത്ഥനയായ “സബ് ടൂം പ്രേസിഡിയം” (Sub Tuum Praesidium) എന്ന പ്രാർത്ഥന ചൊല്ലണമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. നമ്മെ ദൈവത്തില്‍ നിന്നും വേര്‍പ്പെടുത്തുന്നതിന് വേണ്ടി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സാത്താന്റെ ശ്രമങ്ങളില്‍ നിന്നും രക്ഷപ്പെടേണ്ടതിന് പരിശുദ്ധ കന്യകാ മാതാവിന്റേയും, മിഖായേല്‍ മാലാഖയുടേയും സഹായം അത്യാവശ്യമാണെന്നാണ് പാപ്പ പ്രസ്താവിച്ചത്.

പ്രാർത്ഥനക്ക് പുറമേ അനുരഞ്ജനവും, അനുതാപവും ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. തന്റെ ബാള്‍ട്ടിക് സന്ദര്‍ശനത്തിന് മുന്‍പായി ‘വേള്‍ഡ് നെറ്റ്വര്‍ക്ക് ഓഫ് പ്രെയര്‍ ഫോര്‍ ദി പോപ്‌’ന്റെ ഡയറക്ടറായ ഫാ. ഫ്രഡറിക് ഫോര്‍ണോസ് എസ്.ജെ യുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ ഈ അഭ്യര്‍ത്ഥന ലോകം മുഴുവനുമുള്ള വിശ്വാസികളില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വത്തിക്കാൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാതാവിന്റെ മാധ്യസ്ഥം യാചിക്കുന്ന പ്രാര്‍ത്ഥനകളിൽ, ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനയാണ്“സബ് ടൂം പ്രേസിഡിയം”. പാശ്ചാത്യ-പൗരസ്ത്യ സഭകളില്‍ പുരാതനകാലം മുതൽ തന്നെ ചൊല്ലികൊണ്ടിരുന്ന ഒരു ഗീതമാണ് ഈ പ്രാര്‍ത്ഥന.

എഡി 250നും 280നും ഇടക്ക്‌, ഏതാണ്ട് മൂന്നാം നൂറ്റാണ്ട് മുതല്‍ ഈ പ്രാർത്ഥന നിലവിലുണ്ടായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. “പരിശുദ്ധ ദൈവമാതാവേ, നിന്റെ സംരക്ഷണത്തിൻ കീഴില്‍ ഞങ്ങള്‍ ശരണം തേടുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടുകളില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ, ശ്രേഷ്ഠതയും, അനുഗ്രഹവും നിറഞ്ഞ കന്യകയേ, എല്ലാ അപകടങ്ങളില്‍ നിന്നും സദാ ഞങ്ങളെ രക്ഷിക്കണമേ”. എന്നാണ് പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ. 

തിന്മയുമായുള്ള പോരാട്ടത്തില്‍ ശക്തി പകരുന്ന വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനക്കും പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ സഭയിൽ ലൈംഗീകാരോപണം ഉയരുന്ന പശ്ചാത്തലത്തിൽ അന്തർദേശീയ തലത്തിൽ വിവിധ രൂപതാധ്യക്ഷന്മാർ വിശുദ്ധ കുർബാനക്കു ശേഷം വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസിസ് പാപ്പയും പ്രാർത്ഥനയിൽ ആഴപ്പെടുവാൻ ആഹ്വാനം നൽകിയിരിക്കുന്നത്.

Top