ന്യൂഡൽഹി: പഞ്ചാബിൽ വൻ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. പഞ്ചാബിൽ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന് ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്രിവാൾ. പ്രായമായ സ്ത്രീകൾക്ക് വാർദ്ധക്യ പെൻഷന് പുറമെ ഈ തുകയും നൽകുമെന്നും കെജ്രിവാൾ വ്യക്തമാക്കി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രചാരണ പരിപാടിയിലാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ചന്നി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കോപ്പിയടിക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു. ‘ഇവിടെയൊരു വ്യാജ കെജ്രിവാൾ ഇറങ്ങിയിട്ടുണ്ട്. ഞാനെന്ത് വാഗ്ദാനങ്ങൾ നടത്തിയാലും രണ്ട് ദിവസം കഴിഞ്ഞാൽ അദ്ദേഹവും അത് പ്രഖ്യാപിക്കും. പേടിയുള്ളത് നല്ലതാണ്’, കെജ്രിവാൾ പരിഹസിച്ചു.
ഡൽഹിക്കാർ വന്ന് പഞ്ചാബ് ഭരിക്കുന്നതിനെയാണോ മിഷൻ പഞ്ചാബ് എന്ന് വിളിക്കുന്നതെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി തിരിച്ചടിച്ചു. പഞ്ചാബിന്റെ കാര്യം നോക്കാൻ പഞ്ചാബികളൊന്നും ഇല്ലാത്ത അവസ്ഥ വന്നിട്ടില്ലെന്നും കെജ്രിവാളിനുള്ള മറുപടിയായി ചന്നി പറഞ്ഞു.