ന്യൂഡല്‍ഹി:ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഭരണഘടനാ ബെഞ്ചിന്റെ വിധി യുക്തിരഹിതമെന്ന് വ്യക്തമാക്കിയ ജെയ്റ്റ്‌ലി നിലപാടുകള്‍ വ്യക്തിപരമാണെന്നും ഫേസ്ബുക്കിലെ ലേഖനത്തില്‍ പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ടവരെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും അഭിപ്രായപ്പെട്ടു.
തന്റെ വ്യക്തിപരമായ ബദല്‍വീക്ഷണമെന്ന് അഭിപ്രായപ്പെട്ടാണ് സുപ്രീംകോടതിക്കെതിരെ ജെയ്റ്റ്‌ലി രംഗത്തുവന്നിരിക്കുന്നത്. ജനാധിപത്യത്തിന്റെ ഒരു അടിസ്ഥാനശിലയുടെ പ്രാമുഖ്യംമാത്രമാണ് കോടതിവിധി ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ജെയ്റ്റ്‌ലി ആരോപിക്കുന്നു. ജനാധിപത്യത്തിന്റെ ഭാഗമായ പാര്‍ലമെന്ററി ജനാധിപത്യം, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, മന്ത്രിസഭ, തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരുടെ പ്രാമുഖ്യത്തെ കോടതിവിധി ഇകഴ്ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഭരണഘടനയുടെ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം ഭരണഘടനാ കോടതികള്‍ ഭരണഘടന വ്യാഖ്യാനിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍നിന്ന് ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും രക്ഷപ്പെടുത്തണമെന്ന് ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നിയമിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷനും സി.എ.ജി യുമെല്ലാം വിശ്വാസ്യതയില്ലാത്തവരാണെന്നാണോ പറയേണ്ടത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നത് ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണെന്ന തീര്‍ത്തും ന്യായമായ നിലപാട് വ്യക്തമാക്കുന്ന കോടതിവിധി, തീര്‍ത്തും അബദ്ധമായ യുക്തിയിലേക്കാണ് നീങ്ങുന്നതെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടുന്നു.
രാഷ്ടീയക്കാരെ വിശ്വാസമില്ലാത്തതാണ് വിധിയുടെ കാതല്‍. ന്യായാധിപരെ നിയമിക്കുന്ന പ്രക്രിയയില്‍ രാഷ്ട്രീയക്കാര്‍ വരുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിധിപറഞ്ഞ ജഡ്ജിമാര്‍ വ്യക്തമാക്കുന്നു. നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയക്കാരില്‍ നിന്നും രക്ഷിക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. ഇതുതന്നെയാണ് പാര്‍ലമെന്റിന്റെ ഇതുസഭകളും പാസാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലിന്റെ സുപ്രധാന ഘടകവും.സുപ്രീംകോടതിയുടെ തീരുമാനം അന്തിമമാണ്. എന്നാല്‍ അത് ഒരിക്കലും തെറ്റുപറ്റാത്ത ഒരു തീരുമാനമാണെന്ന് കരുതാന്‍ വയ്യ. എന്തൊക്കെയാണ് കോടതിവിധിയിലെ അടിസ്ഥാനപരമായ തെറ്റുകളെന്ന് ജയ്റ്റ്‌ലി വിശദീകരിച്ചു.