കന്യാസ്ത്രീ പീഡനം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ വിധി ഉടൻ

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിൽ കോടതി അല്പസമയത്തിനകം വിധി പറയും. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറയുക. 105 ദിവസത്തെ വിസ്താരത്തിന് ഒടുവിലാണ് കേസിൽ വിധി പ്രഖ്യാപിക്കാൻ പോകുന്നത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് ഡോ. ഫ്രാങ്കോ മുളയ്ക്കൽ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്.

വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. നാലു മാസത്തോളം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. 2020 സെപ്റ്റംബര്‍ 16 നാണ് കേസിൽ വിചാരണ ആരംഭിച്ചത്. കോട്ടയം അഡിഷനൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലായിരുന്നു വിചാരണ. 2021 ഡിസംബര്‍ 29ന് കേസിൽ വാദം പൂര്‍ത്തിയായി. വിധിയുമായി ബന്ധപ്പെട്ട് കോടതി വളപ്പിലും കന്യാസ്ത്രീകൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിലും പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top