ശബരിമലയിലെ ചരിത്ര വിധിക്ക് ശേഷം ഭയപ്പെടുത്തുന്ന ഭീഷണി ഉണ്ടായെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്..!! ശബരിമലയിലേത് തൊട്ടുകൂടായ്മയ്ക്ക് തുല്യമായ സമ്പ്രദായം

മുംബൈ: ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ചരിത്ര വിധിക്കുശേഷം തനിക്ക് നേരെ ഭീഷണിയുണ്ടായെന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് തനിക്കു നേരെ ഭയപ്പെടുത്തുന്ന ഭീഷണി സന്ദേശങ്ങള്‍ ഉയര്‍ന്നത്. ഇക്കാര്യം ഒപ്പം പ്രവര്‍ത്തിക്കുന്ന ലോ ക്ലര്‍ക്കുമാരും, ഇന്റേണ്‍സുമാണ് തന്നെ അറിയിച്ചത്. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് വിധിക്കുശേഷം ഉണ്ടായ ഭീഷണിയെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് വെളിപ്പെടുത്തിയത്.

വിധിക്ക് പിന്നാലെ തനിക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ ഹീനമായ  ഭീഷണിയും അധിക്ഷേപവും ഉണ്ടായതായി അവര്‍ അറിയിച്ചു. കണ്ട സന്ദേശങ്ങളില്‍ പലതും ഭയപ്പെടുത്തുന്നവ ആയിരുന്നു. ജഡ്ജിമാരുടെ സുരക്ഷയില്‍ ഉള്ള ആശങ്ക കാരണം അവരില്‍ പലരും ഉറങ്ങിയില്ല എന്ന് അറിയിച്ചതായും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ തനിക്ക് അക്കൗണ്ട് ഇല്ല എന്നും കുടുംബ വാട്ട് സ് ആപ്പ് ഗ്രൂപ്പുകളില്‍ മാത്രമാണ് അക്കൗണ്ട്  ഉള്ളത് എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.

ശബരിമല യുവതി പ്രവേശന വിധിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദേഹം വ്യക്തമാക്കി. സ്ത്രീകളെ അകറ്റി നിര്‍ത്തുന്ന സമ്പ്രദായം തൊട്ടുകൂടായ്മയ്ക്ക് തുല്യമാണ്. ആരാധന സ്വാതന്ത്ര്യത്തിനുളള അവകാശം ഉറപ്പുനല്‍കുന്ന സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. എന്നാല്‍ വ്യക്തിപരമായ നിലപാടുകള്‍ക്ക് അപ്പുറം ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും കണക്കില്‍ എടുത്ത് വേണം നിലപാട് സ്വീകരിക്കേണ്ടതെന്നും ചന്ദ്രചൂഡ് പറഞ്ഞു. ഇന്ദു മല്‍ഹാത്രയുടെ വ്യത്യസ്ത നിലപാടിനെ താന്‍ മാനിക്കുന്നുവെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്നു ജസ്റ്റിസ് ഡി.കൈ.ചന്ദ്രചൂഡ്. ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ അംഗമായിരുന്ന ചന്ദ്രചൂഡ് യുവതി പ്രവേശത്തെ അനുകൂലിച്ച് പ്രത്യേകം വിധി എഴുതിയിരുന്നു. ഇരുവര്‍ക്കും പുറമെ ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരും യുവതി പ്രവേശത്തിന് അനുകൂല വിധി പുറപ്പെടുവിപ്പിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് യുവതി പ്രവേശനത്തിന് എതിരായ വിധി എഴുതിയത്. ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുന:പരിശോധന ഹര്‍ജികളില്‍ വിധി പറയാനിരിക്കെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാട് നിര്‍ണായകമാണ്.

Top