കല്ലെറിഞ്ഞവരെ കാത്തിരുന്നോളൂ..നിങ്ങള്‍ക്കായി പോലീസിന്റെ ആല്‍ബം; കടുത്ത നടപടികള്‍ ഉണ്ടാകും

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ കുടുങ്ങും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തില്‍ അക്രമികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആല്‍ബം തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്. ബസും കടകളും തകര്‍ത്തവരില്‍ നിന്നും നഷ്ടപരിഹാരം വാങ്ങാനാണ് നീക്കം.

കെ.എസ്. ആര്‍.ടി.സിയുടെ നൂറില്‍പ്പരം ബസുകളാണ് അക്രമികള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തകര്‍ത്തത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമേഖല സ്ഥാപനത്തിന് ഉണ്ടായത്. ഇത് കൂടാതെ വ്യാപാര സ്ഥാപനങ്ങളില്‍ അക്രമം നടത്തിയവരും കുടുങ്ങുമെന്ന് ഉറപ്പാണ്. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞതിനാല്‍ പൊലീസിന് എളുപ്പത്തില്‍ ഇവരെ പിടികൂടാനാവും.
ശബരിമലയില്‍ മാസപൂജയ്ക്ക് നടതുറന്നപ്പോള്‍ അക്രമം അഴിച്ച് വിട്ട സംഘപരിവാര്‍ പ്രവര്‍ത്തകരെ കുടുക്കാന്‍ ആല്‍ബം വഴി പൊലീസിന് സാധിച്ചിരുന്നു. ഇത്തരത്തില്‍ ഹര്‍ത്താലിനും അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ ശേഖരിച്ച് ജില്ലാതലത്തില്‍ പട്ടിക തയ്യാറാക്കാനാണ് പൊലീസ് തീരുമാനം. ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ ഇക്കൂട്ടരെ പിടികൂടാന്‍ സ്പെഷല്‍ ഡ്രൈവ് ഇതിനകം തന്നെ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Top