നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; ബി. ഗോപാലാകൃഷ്ണന്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍

നിലയ്ക്കല്‍: ബിജെപി വീണ്ടും നിരോധനാജ്ഞ ലംഘിച്ചു. നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി സംഘത്തെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിരോധനാജ്ഞ ലംഘിക്കാനായി എത്തിയത്. എട്ടംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നില്ക്കലിന് മൂന്നു കിലോമീറ്റര്‍ അകലെ ഇലവുങ്കലില്‍ വെച്ച് പോലീസ് ഇവരെ പരിശോധിച്ച് പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നു.

രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ ശബരിമലയിലേക്ക് എത്തിയത്. ആറു മണിക്കൂറിനകം തിരികെ ഇറങ്ങണമെന്ന നിര്‍ദേശം അടങ്ങിയ നോട്ടീസ് കൈപ്പറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കൈപ്പറ്റിയാല്‍ ദര്‍ശനത്തിന് പോകാന്‍ അനുവദിക്കാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നോട്ടീസ് കൈപ്പറ്റില്ലെന്നും നിരോധനാജ്ഞ ലംഘിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ പോലീസിനോട് പറഞ്ഞു. ഇതോടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അറസ്റ്റു ചെയ്ത് ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു സുരേന്ദ്രന്‍ മാത്രമല്ല അറസ്റ്റ് വരിക്കുകയെന്നും ബിജെപിയില്‍ ആയിരക്കണക്കിന് സുരേന്ദ്രന്മാര്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റ് വരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

Top