മല ചവിട്ടാന്‍ മൂന്ന് യുവതികള്‍; രേഷ്മ നിഷാന്തും സംഘവും കൊച്ചിയില്‍

കൊച്ചി: ശബരിമലയിലേക്ക് പോകാന്‍ മൂന്ന് യുവതികള്‍ കൊച്ചിയിലെത്തി. നേരത്തെ മല ചവിട്ടുമെന്ന് അറിയിച്ച രേഷ്മ നിഷാന്ത് സംഘത്തിലുണ്ട്. മല ചവിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എറണാകുളം പ്രസ് ക്ലബില്‍ ഇവര്‍ മാധ്യമങ്ങളെ കണ്ടു.

വിശ്വാസിയെന്ന നിലയിലാണ് മാലയിട്ടതെന്നും എന്നാൽ ഇതിന്റെ പേരിൽ വീടിന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നും കണ്ണൂർ സ്വദേശിനി രേഷ്‌മാ നിഷാന്ത് പറഞ്ഞു. മലചവിട്ടാൻ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ ഉറപ്പായും സന്നിധാനത്തേക്ക് പോകുമെന്നും ഇവർ വ്യക്തമാക്കി.

രണ്ട് ജില്ലകളില്‍ നിന്നുള്ളവരാണ് ഈ യുവതികളെന്നാണ് റിപ്പോര്‍ട്ട്. യുവതികള്‍ എത്തുമെന്ന കാര്യം പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എത്തിയിരിക്കുന്ന മൂന്ന്
യുവതികളുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. യുവതികള്‍ യഥാര്‍ത്ഥ ഭക്തരാണോ അതോ ആക്ടിവിസ്റ്റുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ എപ്പോള്‍ സന്നിധാനത്തേക്ക് പോകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. യുവതികളുടെ പശ്ചാത്തലം പരിശോധിച്ചശേഷം മാത്രമാണ് പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

Top