കുമ്മനം കേന്ദ്രമന്ത്രിയാകും..? കേരളത്തില്‍ വിജയം നേടാന്‍ ബിജെപി തന്ത്രം മെനയുന്നു

ഹിന്ദി സംസാരിക്കുന്നവരുടെ പാര്‍ട്ടി എന്ന കാഴ്ചപ്പാടില്‍ നിന്ന് പുറത്തുവരാന്‍ ബിജെപി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഘടനാ ബലം വര്‍ദ്ധിപ്പിക്കാനാണ് ബിജെപി ശ്രമം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടനപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചുകഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം ചേരും. ചൊവ്വാഴ്ച കേരളത്തെക്കുറിച്ചാണ് ആദ്യ ചര്‍ച്ച.

കേരളം, ആന്ധ്രാ പ്രദേശ്, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. പശ്ചിമ ബംഗാളില്‍ 2014ല്‍ രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി 2019ല്‍ പതിനെട്ട് സീറ്റില്‍ വിജയിച്ചു. ബംഗാളില്‍ സ്വീകരിച്ച അതേ മാതൃക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും ദിയോദര്‍ പറഞ്ഞു.

ഇതിന്റെ ആദ്യപടിയായി മുതിര്‍ന്ന നേതാവും മുന്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ മന്ത്രിസഭയിലെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ് കേന്ദ്ര നേതാക്കള്‍. മന്ത്രിപദം സംബന്ധിച്ചു കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ചിലരുമായി ആശയവിനിമയം നടത്തി. പരിസ്ഥിതി അടക്കമുള്ള വകുപ്പുകള്‍ കുമ്മനത്തിനു നല്‍കുന്നതിനെക്കുറിച്ചാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും കുമ്മനത്തിന് പ്രധാനപ്പെട്ട സ്ഥാനം നല്‍കണമെന്നു കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നു. കുമ്മനത്തിനു കേന്ദ്രമന്ത്രി പദവി നല്‍കുന്നത് കേരളത്തിലെ പാര്‍ട്ടിക്കും ഗുണകരമാകുമെന്നാണു വിലയിരുത്തല്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പാണ് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ അപ്രതീക്ഷിതമായി മിസോറം ഗവര്‍ണറായി നിയമിച്ചത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കുമ്മനം സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

കുമ്മനത്തിനു പുറമെ ഒരാള്‍ക്കുകൂടി മന്ത്രിപദം ലഭിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണു ബിജെപിയില്‍ നടക്കുന്നത്. സുരേഷ്‌ഗോപിയുടേയും വി.മുരളീധരന്റെയും പേരുകള്‍ക്കാണു മുന്‍തൂക്കം. രണ്ടുപേരും രാജ്യസഭാ അംഗങ്ങളാണ്. തൃശൂരിലെ പ്രകടനമാണു സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയര്‍ത്തിയത്. 2,93,822 വോട്ടാണ് അദ്ദേഹം നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 1,91,141 വോട്ടുകള്‍ വര്‍ധിപ്പിച്ചു.

വി.മുരളീധരനെ മന്ത്രിയാക്കണമെന്ന് കേരളത്തിലെ ബിജെപി നേതാക്കളില്‍ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നു. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്തും മുരളീധരന്‍ മന്ത്രിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെയാണ് കേന്ദ്രമന്ത്രിയാക്കിയത്. കണ്ണന്താനത്തിന് ഒരവസരം കൂടി ലഭിക്കുമെന്നു കരുതുന്നവരും മറ്റൊരാളെ പരിഗണിക്കണമെന്നു വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. നേട്ടമുണ്ടാക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ പരിഗണിക്കുന്ന രീതിയാണ് അമിത് ഷായുടേത്. അതിനാല്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും തീരുമാനം.

Top