ശബരിമല സന്നിധാനത്ത് ഭീതിവിതച്ച് കാട്ടുപന്നി; കടിച്ചത് 28 പേരെ; കഷ്ടപ്പെട്ട് കൂട്ടിലാക്കി പൊലീസും വനപാലകരും; മയക്കുവെടി ഏറ്റിട്ടും കുതറി

ശബരിമല: സന്നിധാനത്ത് കാട്ടുപന്നിയുടെ ആക്രമണം. രണ്ട് ദിവസത്തിനിടെ 28 പേരെ കടിച്ച് മുറവേല്‍പ്പിച്ചു. നീണ്ട് പരിശ്രമത്തിനൊടുവില്‍ ആക്രമണകാരിയായ കാട്ടുപന്നിയെ കുടുക്കിലാക്കി. രണ്ടുതവണ മയക്കുവെടിവെച്ചശേഷമാണ് പന്നി കീഴടങ്ങിയത്. മയങ്ങിക്കിടന്ന പന്നി, കൂട്ടിലേക്കു കയറ്റുമ്പോള്‍ കുതറാന്‍ ശ്രമിച്ചത് പരിഭ്രാന്തിയുണ്ടാക്കി. പമ്പയിലെത്തിച്ച പന്നിയെ ഉള്‍ക്കാട്ടില്‍ വിട്ടു.

ഞായറാഴ്ച രാത്രിയാണ് പന്നി ആക്രമണം തുടങ്ങിയത്. അന്ന് 21 സ്വാമിമാരെ തേറ്റകൊണ്ടു കുത്തി. തിങ്കളാഴ്ച രാത്രി മാളികപ്പുറം ഭാഗത്ത് ഓടിനടന്ന് ആളുകളെ കുത്തി. വിജിലന്‍സ് സി.ഐ. മുഹമ്മദ് ഇസ്മായിലടക്കം ഏഴുപേര്‍ക്കു പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെ പന്നി വീണ്ടും മാളികപ്പുറം ഫ്ളൈഓവറിനു കീഴിലെ പതിവുസ്ഥലത്ത് ഉറക്കം തുടങ്ങി. ഉച്ചയോടെ വനപാലകരും പോലീസുംചേര്‍ന്ന് പന്നിക്കുചുറ്റും ബാരിക്കേഡുകള്‍കൊണ്ടു കൂടുതീര്‍ത്തു. ഉണര്‍ന്ന പന്നി പുറത്തുകടക്കാന്‍ ശ്രമിച്ചു. മൂന്നുമണിയോടെ തേക്കടിയില്‍നിന്ന് കൂടെത്തിച്ചു. വെറ്ററിനറി ഡോക്ടറെത്തി മൂന്നേമുക്കാലിനു മയക്കുവെടിവെച്ചു. സാധാരണ, മയക്കുവെടിവെച്ചാല്‍ പന്നികള്‍ ചീറിപ്പായാറുണ്ട്.

അരമണിക്കൂര്‍ കഴിഞ്ഞിട്ടും മയക്കം പൂര്‍ണമായില്ല. നാലേകാലോടെ രണ്ടാമത്തെ വെടിവെച്ചു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പന്നി നല്ല മയക്കമായി. തുടര്‍ന്ന് കൂട്ടിലേക്കു കയറ്റി.

സന്നിധാനം അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ എം.രമേഷ്‌കുമാര്‍, വനംവകുപ്പ് റേഞ്ച് ഓഫീസര്‍മാരായ എം.അജീഷ്, സി.കെ.സിധീര്‍, വി.ആര്‍.രാജീവ്, വെറ്ററിനറി ഡോക്ടര്‍മാരായ അബ്ദുള്‍ ഫത്ത, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ‘ഓപ്പറേഷന്‍’ നടന്നത്.

Top