സര്‍ക്കാര്‍ എല്ലാ മതതീവ്രവാദത്തെയും എതിര്‍ക്കുന്നു; ദാമോദരന്‍ സര്‍ക്കാരിന്റെ അഭിഭാഷകനല്ലെന്ന് കോടിയേരി

kodiyeri-balakrishnan

തിരുവനന്തപുരം: അഴിമതി കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ കോടതിയില്‍ ഹാജരാകുമ്പോള്‍ ഞങ്ങളൊന്നും അറിഞ്ഞില്ലേയെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. സര്‍ക്കാരിനെതിരേയുള്ള കേസുകളില്‍ ദാമോദരന്‍ ഹാജരായിട്ടില്ലെന്നും കോടിയേരി പറയുന്നു. കോടിയേരി കണ്ണടച്ച് ഇരുട്ടാക്കുകയാണോയെന്നാണ് പ്രതിപക്ഷത്തിന് ചോദിക്കാനുള്ളത്.

എം കെ ദാമോദരന്‍ സര്‍ക്കാരിന്റെ അഭിഭാഷകനല്ലെന്നും കോടിയേരി പറയുന്നു. അദ്ദേഹം മുഖ്യമന്ത്രിയുടെ ഓണററി ലീഗല്‍ അഡൈ്വസര്‍ മാത്രമാണ്. അദ്ദേഹത്തിന് സ്വതന്ത്രമായി കേസ് ഏറ്റെടുക്കാന്‍ അവകാശമുണ്ട്. ലോട്ടറി കേസില്‍ അദ്ദേഹം ഹാജരായതു കേന്ദ്ര എന്‍ഫോഴ്സ്മെന്റ് മന്ത്രാലയത്തിനെതിരേയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന നിലപാടാണ് സിപിഐഎമ്മിനെന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനക്കേസില്‍ ദേവസ്വം ബോര്‍ഡ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതു മതതീവ്രവാദത്തെയും എതിര്‍ക്കുന്ന നിലപാടാണു സിപിഐഎമ്മിന്റേത്.

ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന വിഷയം ഏതെങ്കിലും ഒരു മതവിഭാഗത്തിനെതിരായി നടക്കുന്ന പ്രചാരവേലയാക്കാന്‍ അനുവദിക്കില്ല. മുസ്ലിം വിഭാഗത്തിലുള്ളവരെല്ലാം തീവ്രവാദികളാണെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. മുസ്ലിം ലീഗായാലും ഏതു സംഘടനയായാലും തീവ്രവാദപ്രസ്ഥാനങ്ങളെ അനുകൂലിക്കരുത്. സാക്കിര്‍ നായിക്കിനെ ചില ലീഗ് നേതാക്കള്‍ ന്യായീകരിച്ചതു മുസ്ലിം ലീഗിന്റെ നിലപാടാണോ എന്നറിയില്ല. ഇക്കാര്യത്തില്‍ ലീഗ് നിലപാടു വ്യക്തമാക്കണം.

Top