അഞ്ച് എംഎല്‍എ വാര്‍ഡുകളിലും എല്‍ഡിഎഫ്.. ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് കനത്ത വിജയം

കൊച്ചി : തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എംഎല്‍എമാരായതിനെ തുടര്‍ന്ന്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്ന്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അടക്കം അഞ്ചിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഉജ്ജ്വല വിജയം.ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനിലക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി അനന്ദു രമേശന് ചരിത്ര വിജയം. 10063 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 23751 വോട്ടുകൾ നേടിയാണ് അനന്ദു വിജയിച്ചത്.

ആദ്യ റൗണ്ടിൽ തന്നെ അനന്ദു വിജയം ഉറപ്പിച്ചിരുന്നു. ആകെ 11 റൗണ്ടുകളാണു ഉണ്ടായിരുന്നത്. ആദ്യ റൗണ്ടിൽ 1254 വോട്ടുകളുടെ ലീഡ് വന്നപ്പോൾ തന്നെ എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. ആകെ 60.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കെ ഉമേഷന് 13688 വോട്ടൂകളും എൻഡിഎ പിന്തുണയുള്ള സ്ഥാനാർത്ഥി മണിലാലിന് 2762 വോട്ടുകളുമാണ് ലഭിച്ചത്. 277 വോട്ടുകളാണ് നോട്ടയ്ക്കും അസാധുവുമായത്.സിപിഐ എമ്മിലെ ദെലീമ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 3498 ആയിരുന്നു എൽഡിഎഫ്‌ ഭൂരിപക്ഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ശ്രീധരന്‍ വിജയിച്ചു.. 9270 വോട്ടിനാണ്‌ വിജയം. കെ പ്രേംകുമാര്‍, ഒറ്റപ്പാലം എംഎല്‍എ ആയതിനെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കോഴിക്കോട് ജില്ലയിലെ നന്മണ്ട ജില്ലാഡിവിഷനില്‍ എല്‍ഡിഎഫിന് വിജയം. 6753 വോട്ടിനാണ്‌ വിജയം. മഹിളാ അസോസിയേഷൻ കക്കോടി ഏരിയാ സെക്രട്ടറിയും, സി പി ഐ എം കക്കോടി ഏരിയാ കമ്മറ്റി അംഗവുമായ റസിയ തോട്ടായിയാണ് വിജയിച്ചത്. 2020ല്‍ വിജയിച്ച കാനത്തില്‍ ജമീല കൊയിലാണ്ടി എംഎല്‍എ ആയതോടെയാണ് ഇവിടെ ഒഴിവു വന്നത്.

ചിറയിന്‍കീഴ്‌ ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനില്‍ സിപിഐ എമ്മിലെ ആര്‍ പി നന്ദുരാജ് ഉജ്ജ്വല വിജയം നേടി. 463വോട്ടിന്റെയാണ്‌ ഭൂരിപക്ഷം. ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന സിപിഐ എമ്മിലെ ഒ എസ് അംബിക ആറ്റിങ്ങല്‍ എംഎല്‍എയായതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിലെ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിന്റോ ജോസഫ് തിരുവാമ്പാടി എംഎൽഎയായതോടെ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

എറണാകുളം ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് മികച്ച വിജയം. തുല്യ അംഗബലമായിരുന്ന പിറവം നഗരസഭാ ഭരണം വിജയത്തോടെ എല്‍ഡിഎഫ് നിലനിര്‍ത്തി. കൊച്ചി കോര്‍പ്പറേഷനിലെ സിറ്റിംഗ് സീറ്റായ ഗാന്ധി നഗര്‍ ഡിവിഷനില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ശിവനും വിജയിച്ചു.മികച്ച ഭൂരിപക്ഷത്തിലാണ് കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ 63ാം ഡിവിഷനിലും പിറവം നഗരസഭയിലെ ഇടപ്പിളളിച്ചിറ 14ാം വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയച്ചത്. 27 അംഗ പിറവം നഗരസഭയില്‍ 13- 13 എന്ന നിലയില്‍ ബലാബലമായതിനാല്‍ ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായിരുന്നു.

Top