കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോയ്ക്കായി അട്ടിമറി..!! വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോസ്ഥനെ സ്ഥലം മാറ്റി

കോട്ടയം: വിവാദമായ കന്യാസ്ത്രീ പീഡനക്കേസില്‍ ദുരൂഹ ഇടപെടലുകള്‍ തുടരുന്നു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയ്ക്ക് വെളിയിലേയ്ക്ക് സ്ഥലം മാറ്റി. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഈ സ്ഥലം മാറ്റത്തിന് പിന്നിലെന്ന ആരോപണവുമായി മിഷണറീസ് ഓഫ് ജീസസ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്തെത്തി.

അകാരണമായി അന്വേഷണ സംഘത്തെ മാറ്റിയതില്‍ ആശങ്കയുണ്ടെന്ന് സി. അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമറി സാധ്യത സംശയിക്കുന്നതായി സേവ് ഔവര്‍ സിസ്റ്റേസ് (എസ്.ഒ.എസ്) ആക്ഷന്‍ കൗണ്‍സിലും ആശങ്കയുയര്‍ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നു. അതിനെ തങ്ങള്‍ ഭയപ്പെടുന്നു. ബിഷപ് ഫ്രാങ്കേയുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണോയെന്ന് ഞങ്ങള്‍ സംശയിക്കുന്നു. കുറ്റപത്രം കൊടുത്തശേഷം ജില്ലയിലെ സി.പി.എമ്മിന്റെ പ്രമുഖനും കെവിന്‍ വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ ആളെ പ്രതിഭാഗം അഭിഭാഷകനാക്കിയതും അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന എസ്.പി ഹരിശങ്കറെ ഒരു വര്‍ഷം തികയും മുന്‍പ് കോട്ടയത്തുനിന്നും സ്ഥലംമാറ്റിയതും തൊട്ടുപിന്നാലെ ഡി.വൈ.എസ്.പിയെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റിയതും അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു”- സി. അനുപമ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ കേസില്‍ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി സുഭാഷിനെ കോട്ടയം ജില്ലയില്‍ നിന്ന് തന്നെ മാറ്റുന്നതിന് പിന്നില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നതായി എസ്.ഒ.എസും പ്രതികരിച്ചു. വിചാരണ വേളയില്‍ കേസ് ദുര്‍ബലപ്പെടുത്തുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.

സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള എസ്.ഒ.എസിന്റെ ചെറുത്തു നില്പ് തുടരുന്നതിനിടയിലാണ് അപ്രതീക്ഷിത സ്ഥലം മാറ്റം. ഡി.വൈ.എസ്.പി സുഭാഷിനെ തൊടുപുഴ വിജിലന്‍സിലേക്ക് മാറ്റിയതായാണ് വിവരം. അതേ ജില്ലയിലെ തന്നെ മറ്റേതെങ്കിലും സ്റ്റേഷനിലേക്കോ ഡിപ്പാര്‍ട്ട്മെന്റിലേക്കോ മാറ്റാതെ മറ്റൊരു ജില്ലയിലേക്ക് തന്നെ മാറ്റിയതില്‍ ദുരൂഹതയുണ്ട്. ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത് എന്ന് എസ്.ഒ.എസ് ആശങ്കപ്പെടുന്നുവെന്ന് കണ്‍വീനര്‍ ഫെലിക്സ് ജെ പുല്ലൂടനും ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി അറിയിച്ചു.

Top