ഫ്രാങ്കോയ്ക്ക് ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് ജാമ്യം അനുവദിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യം അനുവദിച്ച് ഹൈക്കോടതി പറഞ്ഞു. അറസ്റ്റ് കഴിഞ്ഞ് ഇരുപത്തി നാല് ദിവസങ്ങള്‍ ശേഷമാണ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചത്.

രണ്ടാഴ്ച്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യാഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കേരളത്തില്‍ പ്രവേശിക്കരുതെന്ന് ഉത്തരവിട്ട കോടതി രാജ്യം വിട്ട് പോകരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവ് പാലാ ജയിലില്‍ എത്തിയാല്‍ അദ്ദേഹം ജയില്‍ മോചിതനാകും. ഉച്ചയോടെ ഉത്തരവ് ജയിലിലെത്തിക്കും.

ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ മോചിപ്പിക്കാനാകും. ജലന്ധര്‍ രൂപതാ ബിഷപ്പ് സ്ഥാനം അദ്ദേഹം ഒഴിഞ്ഞതിനാല്‍ തന്നെ കേരളം വിട്ട് അങ്ങോട്ടേക്ക് അദ്ദേഹം എങ്ങോട്ടാണ് പോകുകയെന്ന് ചോദ്യമുയരുകയാണ്. രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തിയത് കൊണ്ട് പ്രോസിക്യൂഷന്‍ ജാമ്യത്തിനെതിരെ കോടതിയില്‍ സംസാരിച്ചിരുന്നില്ല. നേരത്തെ മുവാറ്റുപുഴ മുന്‍സിഫ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ രഹസ്യ മൊഴിയെടുത്ത പശ്ചാത്തലത്തിലാണ് ബിഷപ്പ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായെത്തിയത്. രഹസ്യ മൊഴിയെടുത്ത സാഹര്യത്തില്‍ ഇനി ജ്യുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്നായിരുന്നു ബിഷപ്പിന്‍റെ വാദം.

Top