ചര്‍ച്ചയ്ക്ക് വിളിച്ച് ചേര്‍ത്ത് പിടിച്ചു…: ജലന്ധര്‍ ബിഷപ്പിന്റെ ചെയ്തികള്‍ കന്യാസ്ത്രീ എഴുതിയ കത്തില്‍; പോലീസ് വട്ടം ചുറ്റുന്നു

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായി കന്യാസ്ത്രീ എഴുതിയ പരാതി പുറത്ത് കന്യാസ്ത്രീ തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്റെ രൂപത്തിലാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്. ബിഷപ്പിന് അനുകൂലമായ രീതിയില്‍ പോലീസ് പെരുമാറുന്നതിനിടയിലാണ് കത്ത് പുറത്ത് വന്നിരിക്കുന്നത്. ഇത് പോലീസിനെ കൃത്യ നിര്‍വ്വഹണത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കും എന്ന് കരുതാം.

ഈ കത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസിന് അതിവേഗം തന്നെ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കേണ്ട നിലയിലാണ്. ഇന്നത്തെ പൊതുപണിമുടക്ക് കഴിഞ്ഞാല്‍ നാളെ പഞ്ചാബ് പൊലീസിന്റെ കൂടി സഹായത്തോടെ ബിഷപ്പിനെ അറസ്റ്റു ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പുറത്തുവന്ന കത്തില്‍ ബിഷപ്പ് തന്നെ പീഡിപ്പിച്ച വിവരം കന്യാസ്ത്രീ തുറന്നു പറയുന്നുണ്ട്. ഈ കത്ത് സ്ഥിരീകരിക്കാന്‍ വേണ്ടിയാണ് പൊലീസിന് ബുദ്ധിമുട്ടുണ്ടാകുന്നത്. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാന്‍ പ്രതിനിധിയുമായി സംസാരിച്ച് കത്ത് ഉണ്ടെന്ന് സ്ഥിരീകരിക്കുക ശ്രമകരമായ ജോലിയാണ്. വത്തിക്കാന്‍ പ്രതിനിധി എത്രകണ്ട് സഹകരിക്കും എന്ന കാര്യത്തിലും പൊലീസിന് ആശയക്കുഴപ്പമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്യാസിനി സഭയുടെ കാര്യങ്ങളുടെ പേരു പറഞ്ഞാണ് ബിഷപ്പ് താനുമായി അടുത്തതെന്നാണ് കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച പരാതിയില്‍ പറയുന്നത്. കത്തില്‍ അവര്‍ വിവരിക്കുന്നത് ഇങ്ങനെ: ആദ്യമൊക്കെ സന്ന്യാസ്ത സഭയുടെ പുരോഗതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാണ് ബിഷപ്പ് ഫ്രാങ്കോ ഇടപെട്ടത്. പിന്നീട് സംസാര രീതി മാറുകയായിരുന്നു. ലൈംഗിക ചുവയോടെ സംസാരിക്കാന്‍ തുടങ്ങി. ഒരിക്കല്‍ മഠത്തില്‍ സന്ദര്‍ശനത്തിന് വന്നപ്പോള്‍ അദ്ദേഹം രാത്രിയില്‍ അവിടെ തങ്ങി. ചര്‍ച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു. അടുത്തു ചെന്നപ്പോള്‍ ചേര്‍ത്തുപിടിച്ചു. ഭയന്നുപോയ ഞാന്‍ കുതറിയോടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടര്‍ന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഈ സംഭവത്തോടെ താന്‍ മരിച്ച അവസ്ഥയില്‍ ആയെന്നും കന്യാസ്ത്രീ പറയുന്നു. പിന്നീട് ദിവസേന ഭീഷണിയായി 2016 സെപ്റ്റംബര്‍ വരെ അത് തുടര്‍ന്നു. ആരോടും തുറന്നു പറയാന്‍ കഴിയാത്തതിനാല്‍ ആകെ തകര്‍ന്നുപോയി. ഇതോടെ ഒരു ധ്യാനത്തിന് പോയി. തുടര്‍ന്ന് ബിഷപ്പിനെ മുഖാമുഖം കാണാതിരിക്കാന്‍ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചതായും അദ്ദേഹം പറയുന്നു. സുപ്പീരിയര്‍ ജനറലിനെ കൊണ്ട് എന്നെ മദര്‍ സുപ്പീരിയര്‍ ജനറല്‍ സ്ഥാനത്തുനിന്നു മാറ്റിച്ചു. എന്നെക്കുറിച്ച് പലരെ കൊണ്ടും അപവാദം പറഞ്ഞു തുടങ്ങി. 2017 ജൂലായ് 11ന് മേജര്‍ ആര്‍ചച്ച് ബിഷപ്പിനെ കൊണ്ട് വാക്കാല്‍ പരാതി അറിയിച്ചു. മഠം വിടാന്‍ അഗ്രഹിച്ചെങ്കിലും വിലക്കിയെന്നും കന്യാസ്ത്രീ കത്തില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് താന്‍ ശാരീരികവും മാനസികവുമായി തകരുകയും കൗണ്‍സിലിംഗം അടക്കം ചികിത്സകള്‍ക്ക് വിധേയമാകുകയും ചെയ്തു. മൂന്നാം തവണയും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ശക്തമായി എതിര്‍ത്തതോടെ ബിഷപ്പില്‍ നിന്നും നിരന്തരം ഭീഷണിസ്വരം ഉയര്‍ന്നു. മദര്‍ സുപ്പീരിയര്‍ പദവിയില്‍ നിന്നും തന്നെ നീക്കം ചെയ്യുകയും മഠത്തിന്റെ ചുമതല എടുത്തുമാറ്റുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ പിന്തുണയോടെയാണ് പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും കത്തില്‍ പറയുന്നുണ്ട്. രണ്ട് തവണയാണ് കന്യാസ്ത്രീ വത്തിക്കാന് പരാതി നല്‍കിയത്. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ബിഷപ്പ് ശ്രമിച്ചു. ഇത് മൂലം മാനസിക നില തെറ്റുന്ന അവസ്ഥയിലായിരുന്നു താന്‍. വധ ഭീഷണി തന്നെ നിലനില്‍ക്കുന്നു. തനിക്ക് മാത്രമല്ല മറ്റൊരു കന്യാസ്ത്രീക്കും ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ബെംഗളൂരുവിലുള്ള ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ വഴിയാണ് ഈ പരാതി നല്‍കിയത്. ആദ്യം നല്‍കിയ പരാതിയില്‍ നടപടികള്‍ ഒന്നും ഉണ്ടാവാതെ വന്നപ്പോഴാണ് ഈ വര്‍ഷം ജൂണ്‍മാസം 24ന് രണ്ടാമത് ഇ-മെയിലായി പരാതി അയച്ചത്. രണ്ടു പേജുള്ള ഈ മെയിലാണ് കന്യാസ്ത്രീ അന്നയച്ചത്. പീഡനം നടന്നതിന് പിന്നാലെ തന്നെ കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. ജലന്ധറിലെ പി.ആര്‍.ഒ ആയ ഫാദര്‍ പീറ്ററാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇനിയും ബിഷപ്പിനെതിരെ നടപടി ഉണ്ടാകാത്ത പക്ഷം താന്‍ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും കന്യാസ്ത്രീ പരാതിയില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ പരാതി നല്‍കിയ കാര്യം കന്യാസ്ത്രീ അന്വേഷണ ഉദ്യോഗസ്ഥനോടും കോടതിയില്‍ രഹസ്യ മൊഴി നല്‍കിയപ്പോഴും വ്യക്തമാക്കിയിരുന്നു.

ഇനിയെങ്കിലും തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉണ്ടാവരുത്. വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് കന്യാസ്ത്രീ രണ്ടാമത്തെ പരാതി അവസാനിപ്പിക്കുന്നത്. ആദ്യ പരാതി നല്‍കി ഏതാണ്ട് ആറ് മാസം കഴിഞ്ഞാണ് രണ്ടാമത്തെ പരാതി നല്‍കിയത്. എന്നാല്‍ രണ്ട് പരാതിയിലും നടപടിയുണ്ടായില്ല. ഈ വിഷയത്തില്‍ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ഒരു പരാതി കിട്ടിയിട്ടുണ്ടോ ഈ പരാതിയില്‍ എന്തൊക്കെയാണ് പറയുന്നത് തുടങ്ങിയ കാര്യങ്ങളാണ് വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്ന് പൊലീസിന് അറിയേണ്ടത്.

അതേസമയം ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രി പരാതി നല്‍കിയ ഉജ്ജെയിന്‍ ബിഷപ്പിന്റെ മൊഴിയെടുക്കാനായി അന്വേഷണസംഘം മധ്യപ്രദേശിലേക്ക് തിരിക്കും. അതേസമയം ലൈംഗിക ആരോപണങ്ങള്‍ പരാതിയല്‍ ഇല്ലായിരുന്നു എന്നാണഅ ഉജ്ജെയിന്‍ ബിഷപ്പ് വ്യക്തമാക്കിയത്. അതേിനിടെ അന്വേഷണത്തിലെ കാലതാമസം മുതലെടുത്ത് ബിഷപ്പിനനുകൂലമായി കുടുതല്‍ വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമത്തിലാണ് ജലന്തര്‍ രൂപത. ജലന്തര്‍ രൂപതയും, വ്യക്തിപരമായി താനും വലിയ പ്രതിസന്ധിഘട്ടത്തിലാണെന്നും പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ട് രൂപതാ മുഖപുസ്തകമായ സാഡാ സമാനയിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലേഖനമെഴുതി. രൂപതയിലെ കുടുംബ യൂണിറ്റുകള്‍ വഴിയാണ് പുസ്തകം വിതരണം ചെയ്യുന്നത്.

Top