കന്യാസ്ത്രീകള്‍ ഇന്നും സമരപ്പന്തലില്‍; കേസ് അട്ടിമറിക്കാന്‍ ഡിജിപി ശ്രമിക്കുന്നു; കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗീക പീഡന പരാതി അട്ടിമറിക്കാന്‍ ശ്രമം. പീഡന പരാതി ഡിജിപിയും ഐജിയും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരസ്യ സമരത്തിനെത്തിയ കന്യാസ്ത്രീകള്‍ ആരോപിച്ചു. ഫ്രാങ്കോയ്‌ക്കെതിരെ വളരെയധികം തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശ്രമിക്കുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് കന്യാസ്ത്രീകള്‍.

ഇപ്പോഴത്തെ അന്വേഷണ സംഘത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. എന്നാല്‍ അവര്‍ക്ക് സ്വതന്ത്ര്യമായി അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കുന്നില്ല. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈഎസ്പിക്ക് ഉന്നത ഉദ്യോഗസ്ഥന്‍ അനുമതി നല്‍കുന്നില്ലെന്നും കന്യാസ്ത്രീയെ പിന്തുണച്ച് സമരരംഗത്തിറങ്ങിയ കന്യാസ്ത്രീകള്‍ ആരോപിച്ചു. കന്യാസ്ത്രീകള്‍ ഇന്നും സമരപ്പന്തലില്‍ എത്തി. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ധാരാളം മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും സമരപ്പന്തലില്‍ എത്തുകയാണ്.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഐജിയുമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതിന് പിന്നില്‍. ഇവരുടെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ബിഷപ്പിനെതിരായി പരമാവധി മൊഴികളും സാക്ഷികളും ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. എന്നാല്‍ ഫ്രാങ്കോയെ രക്ഷപ്പെടുത്താന്‍ തന്നെയാണ് ഡിജിപിയുടേയും ഐജിയുടേയും ശ്രമം. അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ല. എന്നാല്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിച്ച പി സി ജോര്‍ജിനെതിരെയും കോടതിയില്‍ പരാതി നല്‍കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

അതേസമയം, അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം ക്രൈബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാദം. ഇതിനിടെ അന്വേഷണം ക്രൈബ്രാഞ്ചിന് വിടുന്നത് സംബന്ധിച്ച് ഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി. രണ്ടു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം നടക്കുന്നത്.

Top