ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീകളുടെ ജീവിതം ദുരിതത്തില്‍; കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ആശങ്ക

കൊച്ചി: പീഡനക്കേസില്‍ ജയിലിലായ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീകള്‍ ആശങ്കയില്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം തയ്യാറാകാത്തതാണ് കന്യാസ്ത്രീകളെ ആശങ്കയിലാഴ്ത്തുന്നത്. സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിപ്പിക്കുന്നെന്നാണ് പരാതി.

കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിന് പിന്നില്‍ ഉന്നത സ്വാധീനമാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഫ്രാങ്കോയുടെ അറസ്റ്റിന് മുമ്പുണ്ടായിരുന്ന സമാന സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. തുടര്‍ന്നും നടപടികള്‍ വൈകുന്നത് ഇരയുള്‍പ്പെടെ കേസുമായി സഹകരിച്ച ആറ് കന്യാസ്ത്രീകളുടെയും മഠത്തിലെ ജീവിതം ദുസഹമാക്കുന്നുണ്ട്. എങ്കിലും പഴയ പോലെ ഉടന്‍ സമരത്തിനിറങ്ങാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ല. സിസ്റ്റര്‍ അനുപമ പറഞ്ഞു.

ഇപ്പോഴും മഠത്തില്‍ ഭയപ്പെട്ടുള്ള ജീവിതമാണ് നയിക്കുന്നത്. ഇവിടെ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്തലും പച്ചക്കറി കൃഷിയുമൊക്കെ നടത്തിയാണ് ജീവിതച്ചെലവ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ആരെയെങ്കിലും കിളയ്ക്കാനും മറ്റ് സഹായത്തിനും വിളിച്ചാല്‍ അവരെയൊക്കെ ഭീഷണിപ്പെടുത്തി പറഞ്ഞ് വിടുകയാണ്. മഠത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മദര്‍ മറ്റൊരു സ്ഥലത്തേക്കു മാറിപ്പോയി. പകരം പുതിയ മദര്‍ സുപ്പീരിയര്‍ ആണ് ഇപ്പോള്‍ ചുമതലയേറ്റിരിക്കുന്നത്.സദാസമയവും മൂന്ന് വനിതാ പൊലീസുകാരുടെ കാവലുണ്ടെങ്കിലും മഠത്തിലെ സി.സി ടി.വി സംവിധാനം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇപ്പോഴും ശരിയാക്കിയിട്ടില്ല. കോമണ്‍ മെസില്‍ നിന്നാണ് എല്ലാവര്‍ക്കും ഭക്ഷണം തയ്യാറാക്കുന്നത്. ഞങ്ങള്‍ ആറ് കന്യാസ്ത്രീകളും പ്രാര്‍ത്ഥനയും കൃഷിയുമായാണ് ഇപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റുകാരനല്ലെന്ന രീതിയില്‍ കണ്ണടയ്ക്കുകയാണ് സഭാ അധികാരികള്‍. അവരില്‍ നിന്ന് യാതൊരു നീതിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ വട്ടോളി അച്ചനേയും നിശബ്ദനാക്കാനാണ് സഭാ അധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Top