പി.കെ ശശി എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം: ദേശീയ വനിതാ കമ്മീഷന്‍; അന്വേഷണം നേരിടണമെന്നും കമ്മീഷന്‍ നിലപാട്

ന്യുഡല്‍ഹി: ലൈംഗീക പീഡന പരാതിയില്‍ എ.എല്‍.എ പി.കെ ശശി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. പരാതിക്കാരിയില്‍ നിന്നു മൊഴിയെടുക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. കന്യാസ്ത്രീയുടെ പരാതിയിലും ജലന്ധര്‍ ബിഷപ്പിനെതിരെ കമ്മീഷന്‍ കര്‍ശന നിലപാട് എടുത്തു.

കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ പ്രതിസ്ഥാനത്തുള്ള ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ നിര്‍ദ്ദേശിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായാലുടന്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കണം. ബിഷപ്പ് രാജ്യംവിട്ട് പോകുന്നത് തടയാന്‍ നടപടി സ്വീകരിക്കണം. പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതുമെന്നും രേഖാ ശര്‍മ്മ അറിയിച്ചു.

അടുത്തമാസം വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പ് സിനഡില്‍ പങ്കെടുക്കാനെന്ന പേരില്‍ ബിഷപ്പ് ഫ്രാങ്കോ ഈ മാസം പകുതിയോടെ വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ രാജ്യം വിടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. രാജ്യം വിട്ടുപോകുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Top