രണ്ട് കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഉപേക്ഷിച്ചു!! മിഷണറീസ് ഓഫ് ജിസസില്‍ വീണ്ടും ഫ്രാങ്കോ ഇടപെടല്‍?

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തിരിച്ചെത്തിയത് പൂര്‍വ്വാധികം ശക്തിയില്‍ തന്നെയാണ്. ജലന്ധറിലെ മീഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭയില്‍ ഫ്രാങ്കോ തിരിച്ചെത്തിയതിന്റെ അനുരണനങ്ങള്‍ കാണാനാവുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സഭയില്‍ നിന്നും കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്ത് പോകുകയാണ്.

ജലന്ധര്‍ രൂപതയുടെ കീഴിലുള്ള കുറവിലങ്ങാട് എംജെ മഠത്തില്‍ നിന്നും ഈ അടുത്ത നാളുകളില്‍ രണ്ടു പേര്‍ സഭാവസ്ത്രം ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയതായി സൂചന. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഇവരില്‍ ഒരാള്‍ പോയത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനായി കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം നടത്തുന്ന സമയത്തായിരുന്നു മറ്റൊരാള്‍ സഭ വിട്ടത്.

ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയാണ് കഴിഞ്ഞ ദിവസം സഭാവസ്ത്രം അഴിച്ചുവച്ചത്. ബിഷപ്പ് ഫ്രാങ്കോയുടെ അനുകൂലി ആയിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോയ ഇവര്‍ പിറ്റേന്ന് സഹോദരിയുടെ കൈവശം സഭാവസ്ത്രം കൊടുത്തുവിടുകയായിരുന്നു. സഭ വിട്ടതായി കാണിച്ച് കത്തും നല്‍കിയിട്ടുണ്ടെന്നാണ് ജലന്ധറില്‍ നിന്നും പുറത്തുവരുന്ന വിവരം. 14 വര്‍ഷം മുന്‍പാണ് ഇവര്‍ സഭാവസ്ത്രം സ്വീകരിച്ചതെന്നും സൂചനയുണ്ട്.

പാലാ സ്വദേശിനിയാണ് മൂന്നു മാസം മുന്‍പ് മഠത്തിലെ ജീവതം ഉപേക്ഷിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സഭാവസ്ത്രം സ്വീകരിച്ച ഇവര്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാനാണെന്നും പറഞ്ഞു വീട്ടിലേക്ക് പോയതാണ്. പിന്നീട് മടങ്ങിവന്നില്ല. ഇവര്‍ താമസിച്ചിരുന്ന മുറി നാളുകളോളം പൂട്ടിയിട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെ പലസംഭവങ്ങളും നേരിട്ട് അറിയാവുന്ന ഇവര്‍ ഭയന്ന് മഠം വിട്ടതാണെന്ന് പറയപ്പെടുന്നു.

ഫ്രാങ്കോയ്ക്കെതിരായ കേസിലെ പരാതിക്കാരിയേയും സാക്ഷികളേയും കൂടാതെ നെടുങ്കണ്ടം സ്വദേശിനിയും മറ്റൊരു കന്യാസ്ത്രീയുമായിരുന്നു മഠത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് ധൈര്യം പകരാന്‍ കഴിഞ്ഞമാസം ആറിന് ജലന്ധറിലെ രണ്ട് സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും അവധിയെടുത്ത് കുറവിലങ്ങാട് എത്തിയിരുന്നു. ഒരു മാസത്തെ അവധിക്ക് വന്ന ഇവര്‍ ഒന്നരമാസം കഴിഞ്ഞിട്ടും മടങ്ങി എത്തിയിട്ടില്ലെന്ന് ജലന്ധറിലെ വൈദികര്‍ അറിയിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ആഗ്നെലോ ഗ്രേഷ്യസ് ചുമതലയേല്‍ക്കും മുന്‍പാണ് ഇവര്‍ തിരിക്കിട്ട് കേരളത്തിലേക്ക് തിരിച്ചത്.

അതേസമയം, രണ്ടു പേര്‍ മഠം വിട്ടതിനെ കുറിച്ച് സഭാതലത്തില്‍ ഔദ്യോഗികമായി ഒരു വിശദീകരണവുമില്ല. ഇത്തരം കാര്യങ്ങള്‍ സഭ വളരെ രഹസ്യമായി സൂക്ഷിക്കുമെന്നും ഏതെങ്കിലും വിശേഷാവസരങ്ങളില്‍ സഭാധികാരികള്‍ക്ക് അയക്കുന്ന സന്ദേശത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാചകം ഉള്‍പ്പെടുത്തുക മാത്രമായിരിക്കും ഔദ്യോഗികമായ അറിയിപ്പെന്നും സഭാനേതൃത്വവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ‘സങ്കടകരമായ കാര്യം അറിയിക്കട്ടെ…. നമ്മുടെ സമൂഹത്തില്‍ നിന്നും രണ്ടു പേര്‍ സ്വന്തം ഇഷ്ടപ്രകാരം സഭാവസ്ത്രം ഉപേക്ഷിച്ച് അവരവരുടെ ഭവനങ്ങളിലേക്ക് മടങ്ങി’ എന്ന് ഒരു വരിയില്‍ വിഷയം അവസാനിപ്പിക്കുകയാണ് പതിവെന്ന് ഇവര്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോയില്‍ നിന്നുള്ള ദുരനുഭവത്തെ തുടര്‍ന്ന് മീഷണറീസ് ഓഫ് ജീസസ് സഭയിലെ 18 ഓളം പേര്‍ സഭാവസ്ത്രം ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയതായി നേരത്തെ വിവരമുണ്ടായിരുന്നു. അവശേഷിച്ചിരുന്ന 82 ഓളം പേരില്‍ നിന്നാണ് രണ്ടു പേര്‍ കൂടി പുറത്തുപോകുന്നത്. കന്യാസ്ത്രീകളുടെ ഈ പ്രവര്‍ത്തിയില്‍ അടിമുടി ദുരൂഹത നിറയുകയാണ്

Top