ദാദ്രിസംഭവം ഗൗരവമേറിയത്:ശിവസേനക്കെതിരെ പൊട്ടിത്തെറിച്ച്‌ ജയ്‌റ്റ്‌ലി

കൊല്‍ക്കത്ത: ദാദ്രിസംഭവം ഗൗരവമേറിയതാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംഘര്‍ഷത്തിന്റെ പാതയുപേക്ഷിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ജനങ്ങള്‍ ശാന്തരാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.അസഹിഷ്‌ണുക്കളായവര്‍ ഏതാനും ദിവസങ്ങളായി തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ പ്രകടിപ്പിക്കാനായി വിധ്വംസക പ്രവര്‍ത്തനങ്ങളെ ഉപകരണമാക്കുകയാണ്‌. ഈ പ്രവണത അസ്വസ്‌ഥജനകമാണെന്നും ചര്‍ച്ചകള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്നും സംസ്‌കാരത്തോടെ നിലപാടെടുക്കണമെന്നും ജയ്‌റ്റ്‌ലി ആവശ്യപ്പെട്ടു. അങ്ങേയറ്റം അലോസരപ്പെടുത്തുന്ന പ്രവണതയാണിത്‌. നശിപ്പിക്കുക എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതുണ്ട്‌. കഴിഞ്ഞ ദിവസം ബി.സി.സി.ഐ. ആസ്‌ഥാനത്ത്‌ ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്കെതിരേ ബി.ജെ.പിയുടെ സഖ്യകക്ഷി ശിവസേന നടത്തിയ പ്രതിഷേധത്തെയും സുധീന്ദ്ര കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള ചിന്തകര്‍ക്കു നേരേയും ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങളോട്‌ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദാദ്രി സംഭവത്തിന് ശേഷം തുടര്‍ച്ചയായി നടക്കുന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെടുന്ന ബി.ജെ.പി. നേതാക്കള്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് ജെയ്റ്റ്‌ലിയുടെ വൈകിയുള്ള ഏറ്റുപറച്ചിലിനെ കാണുന്നത്. മുംബൈ ബി.സി.സി.ഐ. ആസ്ഥാനത്ത് അക്രമം നടത്തിയ ശിവസേനയെയും ജെയ്റ്റ്‌ലി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ കേന്ദ്രഭരണത്തില്‍ പങ്കാളിയായ ശിവസേനയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയില്‍ ആരുംതന്നെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ വക്‌താക്കളാണെന്ന്‌ കരുതുന്നില്ല. പരസ്‌പരം ആക്രമിക്കുന്നത്‌ ജനാധിപത്യത്തിനു യോജിക്കുന്നതല്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയോടുള്ള വിശ്വാസ്യത ഇല്ലാതാക്കും. വര്‍ഗീയത വളര്‍ത്തുന്ന തരത്തിലുള്ള ബി.ജെ.പി. നേതാക്കളുടെ പ്രസ്‌താവനകളെയും ജയ്‌റ്റ്‌ലി വിമര്‍ശിച്ചു. സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ജമ്മു കശ്‌മീര്‍ പ്രശ്‌നം തുടങ്ങിയവയില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്‌ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇവ പുറത്തു പറയുന്നതിനു ചില മര്യാദകള്‍ പുലര്‍ത്തണം. ചുരുക്കം ചിലരാണ്‌ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ നടത്തിയത്‌. പാര്‍ട്ടിയുടെ അധ്യക്ഷന്‍ അമിത്‌ ഷാ ഇവരെ ഉപദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ഇത്തരം പ്രസ്‌താവനകളോടുള്ള വിയോജിപ്പ്‌ അറിയിച്ചിട്ടുണ്ടെന്നും ജയ്‌റ്റ്‌ലി അറിയിച്ചു.
എം.എം. കല്‍ബുര്‍ഗിയുടേതുള്‍പ്പെടെയുള്ള വധങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കുമെതിരെ രാജ്യത്തെ എഴുത്തുകാര്‍ ബോധപൂര്‍വം കടലാസ് വിപ്ലവം നടത്തുകയാണെന്നായിരുന്നു നേരത്തേ ജെയ്റ്റ്‌ലി പറഞ്ഞത്.തീപ്പൊരിപ്രസ്താവനകള്‍ നടത്തുന്ന ബി.ജെ.പി. നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞദിവസം താക്കീതുനല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനമന്ത്രിയും ഇവര്‍ക്കെതിരെ സംസാരിച്ചു. അതിനുപിന്നാലെയാണ് ദാദ്രിയില്‍ സംഭവിച്ചത് ഗൗരവമുള്ള കാര്യമാണെന്ന ജെയ്റ്റ്‌ലിയുടെ കുമ്പസാരം. അതിനിടെ, ശിവസേനയുടെ ഭീഷണിമൂലം മുംബൈയില്‍ കച്ചേരി നടത്താനാവാഞ്ഞ ഗസല്‍ സംഗീതജ്ഞന്‍ ഗുലാംഅലി ഡല്‍ഹിയില്‍ പാടില്ലെന്നറിയിച്ചു. നവംബര്‍ എട്ടിനായിരുന്നു അലി ഡല്‍ഹിയില്‍ പാടേണ്ടിയിരുന്നത്. കല്‍ബുര്‍ഗിയുടെ ജന്‍മദിനമായ നവംബര്‍ ഒന്നിന് രാജ്യവ്യാപകമായി പ്രതിഷേധയോഗങ്ങള്‍ നടത്താന്‍ എഴുത്തുകാര്‍ തീരുമാനിച്ചു. ‘വളരുന്ന അസഹിഷ്ണുത’യ്‌ക്കെതിരെയാണ് പ്രതിഷേധം. എഴുത്തുകാരുടെ കൂട്ടായ്മയായ ‘പ്രതിരോധ് സഭ’യാണ് ഇക്കാര്യം അറിയിച്ചത്.

Top