ദില്ലി: അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് പ്രമുഖ അഭിഭാഷകനും മുന്‍ സഹപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ധാര്‍മികതയില്ലാത്തയാളാണ് കെജ്രിവാളെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റം പറയുന്ന കെജ്രിവാള്‍ നേട്ടത്തിനു വേണ്ടി മോദിയുമായി കൈകോര്‍ക്കാനും മടിക്കില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു.
കെജ്രിവാള്‍ ആദര്‍ശമില്ലാത്ത വ്യക്തിയാണ്. തനിക്ക് യോജിക്കുന്ന ദിവസം അദ്ദേഹം മോദിയുമായി പോലും ഒന്നിക്കും. അക്കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ലെന്ന് ഭൂഷണ്‍ പറഞ്ഞു. കെജ്‌രിവാളിന്റെ ഇത്തരം ചതികള്‍ തിരിച്ചറിയാന്‍ കഴിയാഞ്ഞതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്ന് ഭൂഷണ്‍ വ്യക്തമാക്കി. ഒരുവര്‍ഷത്തിലേറെയായി ദില്ലി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെ ഇത്തരമൊരു അഭിപ്രായ പ്രകടനത്തിന് ഭൂഷണിനെ പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല.
തന്നെയും യോഗേന്ദ്ര യദാവിനെയും പോലുള്ളവരെ വിശ്വാസത നേടിയെടുക്കുന്നതിന് വേണ്ടിയാണ് കെജ്രിവാള്‍ ഉപയോഗിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. അതേസമയം തന്നെ പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ അദ്ദേഹത്തിന് ഭൂരിപക്ഷം ഉണ്ടെന്ന് ഉറപ്പാക്കുകയും അതുവഴി അദ്ദേഹം സ്വന്തം അജണ്ട നടപ്പിലാക്കുകയും ചെയ്യുകയായിരുന്നു.
അഴിമതിക്കെതിരെ പോരാടുന്നതില്‍ കെജ്രിവാളിന് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് ഭൂഷണ്‍ ആരോപിച്ചു. കെജ്രിവാളിന് മന്‍മോഹന്‍ സിംഗ് സിന്‍ഡ്രോം പിടിപെട്ടിരിക്കുകയാണ്. സ്വന്തമായി അഴിമതി നടത്തില്ലെങ്കിലും മറ്റുള്ളവരുടെ അഴിമതി കണ്ടില്ലെന്ന് നടിക്കും. നിരവധി എഎപി എംഎല്‍എ മാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ കെജ്രിവാള്‍ കേട്ടിട്ടുണ്ട്. പക്ഷെ അദ്ദേഹം നടപടികള്‍ എടുത്തിട്ടില്ല.
ആം ആദ്മി പാര്‍ട്ടിയിലെ കെജ്രിവാളിന്റെ സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷണ്‍ സമാന അവസ്ഥ നേരിടേണ്ടി വന്ന യോഗേന്ദ്ര യാദവുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്വരാജ് അഭിയാന്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു.