ഹൈദരാബാദ്: ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധിയില്‍ സന്തുഷ്ടനല്ലെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. നിശിത വിമർശനമാണ് ഉവൈസി ഉയർത്തുന്നത്.
ഒരു വീട് തകർത്ത ശേഷം ഇടനിലക്കാരൻ പറഞ്ഞുവെന്ന് വച്ച് അതേ വീട് തന്നെ എങ്ങനെ അത് തകർത്തയാൾക്ക് കൈവശം വയ്ക്കാനാകും എന്നും ഒവൈസി ചോദിച്ചു. അയോദ്ധ്യ ഭൂമിതർക്ക കേസിൽ ഉണ്ടായ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരിക്കുന്നു ഒവൈസിയുടെ ചോദ്യം.
ബാബറി മസ്ജിദ് ‘നിയമവിരുദ്ധമായി’യുള്ള നിർമിതി ആയിരുന്നുവെങ്കിൽ അത് തകർത്ത കേസിൽ എന്തുകൊണ്ടാണ് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി ഇപ്പോഴും വിചാരണ നേരിടുന്നതെന്നും അസാദുദിൻ ഒവൈസി ചോദിച്ചു.
സുപ്രീം കോടതി ‘സുപ്രീം’ തന്നെയാണെന്നും എന്നാൽ കോടതിക്ക് തെറ്റുപറ്റില്ല എന്ന് അതുകൊണ്ട് അർത്ഥമില്ലെന്നും ഒവൈസി പറഞ്ഞു. നബിദിനത്തിൽ ഒരു പൊതുസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിയെ അംഗീകരിക്കാത്തതിൽ തന്നെ വിമർശിക്കുന്നവർക്കും ഒവൈസി മറുപടി നൽകി.
വിധിയെ വിമർശിക്കാൻ ജനാധിപത്യപരമായി തനിക്ക് അവകാശമുണ്ടെന്നും പള്ളി നിർമിക്കാനായി അഞ്ചേക്കർ ഭൂമി അനുവദിച്ചതിലൂടെ മുസ്ലീങ്ങൾ അപമാനിക്കപ്പെട്ടിരിക്കുകയാണെന്നുമാണ് ഒവൈസി പറഞ്ഞത്. എല്ലാ മതേതര പാർട്ടികളും മുസ്ലീങ്ങളെ വഞ്ചിച്ചുവെന്നും രാജ്യത്തെ മുസ്ലിങ്ങൾക്ക് ആരുടേയും ദയവ് ആവശ്യമില്ലെന്നും തങ്ങളെ യാചകരെ പോലെ പരിഗണിക്കരുതെന്നും ഒവൈസി അറിയിച്ചു.
ബാബരി മസ്ജിദിനായുള്ള പോരാട്ടം പ്രാധാന്യമുള്ളതാണ്. മഥുര, കാശി എന്നിവടങ്ങളിലെ മുസ്ളീം പള്ളികളും ബി.ജെ.പിയും സംഘ്പരിവാറും ലക്‌ഷ്യം വച്ചിട്ടുണ്ട്. ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ്, എൻ.സി.പി, എസ്.പി, പോലുള്ള പാർട്ടികൾ എന്തുകൊണ്ടാണ് നിശ്ശബ്ദരായിരിക്കുന്നത്? ഒവൈസി ചോദിക്കുന്നു.
തങ്ങളെ സഹായിക്കാൻ കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപിൽ സിബൽ രംഗത്തെത്തിയിരുന്നു. കോൺഗ്രസാണ് അദ്ദേഹത്തെ തടഞ്ഞത്. അയോദ്ധ്യ വിധിയിൽ രാജ്യത്തെ മുസ്ലീങ്ങൾ തളരരുത്. ഇന്ത്യ തങ്ങളുടേത് കൂടിയാണ്. തങ്ങൾ ഉന്നത പൗരന്മാർ തന്നെയാണ്. ഒവൈസി പറഞ്ഞു.