കൊച്ചി: നടൻ ശ്രീനിവാസനെ പരിഹസിച്ചും സി.പി.എം നേതാവുമായ സെബാസ്റ്റ്യൻ പോളിനെ കടുത്ത ഭാഷയിൽ വിമർശിച്ചും സംവിധായകൻ ആഷിക് അബു രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് ലേഖനമെഴുതിയതിനാണ് സെബാസ്റ്റ്യന്‍ പോളിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു വന്നത്. ദിലീപ് നീതി നിഷേധം നേരിടുകയാണെന്നുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ‘സൗത്ത് ലൈവിലെ’ ലേഖനത്തിനാണ് ആഷിഖ് അബുവിന്റെ വിമര്‍ശനം.പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേതെന്നും ദിലീപിന് നീതി നേടിക്കൊടുക്കാന്‍ ശ്രമിക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിന് വേണ്ടിയും രംഗത്തിറങ്ങണമെന്നും ആഷിഖ് അബു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ബലാല്‍ക്കാരം നടത്തി അത് മൊബൈലില്‍ പകര്‍ത്തി കൊണ്ടുവരാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയില്‍ ചാര്‍ത്തിയ കുറ്റം. ശ്രീനിയേട്ടന്‍ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല എന്നും, വേറെ വഴികള്‍ അയാള്‍ കണ്ടെത്തിയേനേ എന്നുമാണ് അറസ്റ്റിന് മുന്‍പ് ദിലീപിനെ അടുത്തറിയാവുന്ന ആളുകളുടെ(ഞാനടക്കം) ഉറച്ച വിശ്വാസം.
പക്ഷെ പോലീസ് നടത്തിയ നീക്കം കഥയിലെ അണിയറ നാടകങ്ങളെ പൊളിച്ചെറിഞ്ഞു. ദിലീപിനെ പോലെ അതിബുദ്ധിമാനും ധനികനും ശക്തനുമായ ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയ വിഷയത്തില്‍ നീതിയുടെ ഭാഗത്തുനില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. കോടതികള്‍ പ്രഥമദൃഷ്ടിയില്‍ കേസ് ഉണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിക്കുന്നു.
പോലീസിനെയും സര്‍ക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേത്, അതില്‍ സംശയം വേണ്ട ശ്രീ സെബാസ്‌റ്യന്‍ പോള്‍. നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം. വക്കീല്‍ ആണെന്ന് മറക്കുന്നില്ല.
വരും ദിവസങ്ങളില്‍ ശ്രീനിയേട്ടനെ പോലെ കുറെയധികം ആളുകള്‍ സംസാരിക്കും, കേരളം ചര്‍ച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കില്‍ മറ്റേ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാന്‍.