ഗൾഫ് :നൂറ് കണക്കിന് .പ്രവാസികളുടെ മൃതദേഹങ്ങൾ ഗൾഫിൽ വിവിധ സ്ഥലത്ത് കെട്ടിക്കിടക്കുകയാണ്.അവരുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ല .എന്നാൽ സമ്പന്നർക്കായി രാഷ്ട്രീയക്കാർ ശക്തമായി രംഗത്തുണ്ട് .സമ്പന്നർ മരിച്ചാൽ മാത്രമെ വാർത്താ പ്രാധാന്യം കിട്ടുകയുള്ളൂ .സാധാരണക്കാരന് പണവും പ്രശസ്തിയും ഇല്ല എന്നും പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബവും യാത്ര ചെയ്യുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ വിമർശിച്ച് പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് താമരശ്ശേരി രംഗത്ത്. അറക്കൽ ജോയിയുടെ മൃതദേഹത്തിനൊപ്പം കുടുംബത്തിനും യാത്ര ചെയ്യുവാൻ അനുമതി നൽകിയതിനെ വിമർശിച്ച് ആണ് അഷ്റഫ് താമരശ്ശേരി രംഗത്ത് വന്നിരിക്കുന്നത് .ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അപ്പോൾ പ്രതികരിക്കാത്തത് മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാൻ പാടില്ല എന്നതും കൊണ്ടും എതെങ്കിലും കാരണവശാൽ എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പറഞ്ഞ് വിവാദമായാൽ ഈ കുടുംബത്തിന് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാലോ എന്നോർത്തുമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹത്തിനോടപ്പം കുടുംബവും യാത്ര ചെയ്യുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ കുറിച്ച് പലരും INBOX ലും Comments ലും എൻെറ അഭിപ്രായം ചോദിച്ചിരുന്നു. നിസംശയം എനിക്ക് പറയാൻ കഴിയും, ഈ നടപടിയോട് ഒരിക്കലും എനിക്ക് യോജിക്കുവാൻ കഴിയില്ല. പിന്നെ അപ്പോൾ പ്രതികരിക്കാത്തത്. മൃതദേഹത്തിനോട് അനാദരവ് കാണിക്കുവാൻ പാടില്ലയെന്നത്,എൻെറ മതം എന്നെ പഠിപ്പിച്ചതാണ്.
എതെങ്കിലും കാരണവശാൽ എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പറഞ്ഞ് വിവാദമായാൽ ഈ കുടുംബത്തിന് യാത്ര ചെയ്യാൻ സാധിക്കാതെ വരാൻ പാടില്ലായെന്ന് ഞാൻ ആഗ്രഹിച്ചു. അല്ലെങ്കിലും ഈ കുടുംബം ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, നമ്മളെ രണ്ട് തരം പൗരന്മാരായി കണ്ടത് കേന്ദ്ര സർക്കാരല്ലെ, സർക്കാരിൻെറ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പെ,സമ്പന്നവർക്ക് വേണ്ടി യാത്രാനുമതി നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, അതിനുവേണ്ടി ചുക്കാൻ പിടിച്ചത് ചില രാഷ്ട്രിയ പാർട്ടികളുടെ നേതാക്കളാണ്.
കഴിഞ്ഞ ആഴ്ചകളിൽ, മരിച്ച ഉറ്റവരുടെ കൂടെ പോകാൻ സാധിക്കാത്ത എത്രപേർ ഇവിടെയുണ്ടായിരുന്നു. ഭർത്താവ് മരണപ്പെട്ടിട്ട് കൂടെ പോകുവാൻ സാധിക്കാത്ത ഭാര്യയും മക്കളും ,കാൻസർ രോഗം മൂലം മരണപ്പെട്ട പിഞ്ചു പെെതലിൻെറ മൃതദേഹം നാട്ടിൽ ഒറ്റക്ക് അയക്കേണ്ടി വന്ന മാതാപിതാക്കളുടെ വേദന, അച്ഛൻെറ മരണത്തിന് പോകാൻ കഴിയാതെ വാവിട്ട് കരഞ്ഞ ഒരു മകളുടെ വിലാപം നമ്മൾ കഴിഞ്ഞ ആഴ്ച കണ്ടു. അതുപോലെ രണ്ട് ദിവസം ഒരു പൊന്നുമകൻെറ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് നിലവിട്ട് കരഞ്ഞ അച്ഛനും അമ്മയും,സഹോദരിയും.
ഈ വേദനയും പ്രയാസങ്ങളും നേരിട്ട് കണ്ടവനാണ് ഞാൻ, ഇവർക്ക് വേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രിയക്കാരും ഇല്ല, ഒരു സാമൂഹികപ്രവർത്തകരും ഇല്ല കാരണം ഇവർക്കൊന്നും പണവും പ്രശസ്തിയും ഇല്ല. എന്നത് തന്നെ കാരണം സെൻസേഷണൽ ന്യുസ് അല്ലല്ലോ ഇവർക്കുണ്ടായ നഷ്ടങ്ങൾ, സമ്പന്നർ മരിച്ചാൽ മാത്രമെ വാർത്താ പ്രാധാന്യം കിട്ടു. അതിൻെറ പുറകിൽ മാത്രമെ ആളും ആരവും ഉണ്ടാവുകയുളളു, ഇവിടെത്ത Labour camp കളിൽ സാധാരണക്കാരായ പ്രവാസികളുടെ പ്രയാസങ്ങളെ കുറിച്ച് അധികാരികളോട് എത്ര മാത്രം ബോധ്യപ്പെടുത്തിയിരിക്കുന്നു.
നിങ്ങൾ പ്രവാസികളാണ് ഈ നാടിൻെറ നട്ടെല്ലുകൾ, നിങ്ങളാണ് ഈ നാടിനെ പോറ്റി വളർത്തുന്നത്, എന്നൊക്കെ ചാനൽ ചർച്ചകളിൽ വന്നിരുന്ന് ചില നേതാക്കന്മാർ പറയുന്നത് കേൾക്കുമ്പോൾ ചിരിവരും, അഭിനയത്തിൽ സിനിമാനടന്മാരെക്കാൾ മിടുക്കന്മാരാണ് ഈ രാഷ്ട്രിയക്കാർ, കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വരുവാൻ യുദ്ധകപ്പലുകൾ നങ്കൂരം ഇടാൻ തയ്യാറായി നിൽക്കുന്നു. അത്പോലെ അനുമതി കാത്ത് യുദ്ധ വിമാനങ്ങളും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദിജി, ഇവിടെ യുദ്ധമൊന്നും ഇല്ല, കോവിഡാണ് സാധാരണ വിമാനങ്ങൾ അയച്ചാൽ മതി, ഞങ്ങൾ കയറി വന്ന് കൊളളാം. അല്ലെങ്കിൽ യാത്രാനുമതി നൽകിയാൽ മതിയാകും. ഈ രാജ്യത്തും വിമാനങ്ങളുണ്ട്.