തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തില്‍ മുഖ്യപ്രതികളായ തൗഫീക്കിനെയും അബ്ദുള്‍ ഷമീമിനെയും പൊലീസ് കസ്റ്റഡിയില്‍ വിടുന്നതില്‍ കോടതി തീരുമാനം നാളെ. പ്രതികളെ ഇന്ന് നാഗര്‍കോവില്‍ ജില്ല സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.28 ദിവസം വരെ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ തീവ്രവാദ ബന്ധം ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനുമായാണ് ഇത്രയും ദിവസം തമിഴ്‌നാട് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്.
എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെയിലും പ്രതികള്‍ക്കായി മധുരയില്‍ നിന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ ജീവന് ഭീഷണിയുണ്ടന്നും യു.എ.പി.എ ചുമത്താന്‍ തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതൊടെയാണ് നാളെ വൈകിട്ട് 3ന് വിധി പറയാന്‍ കോടതി തീരുമാനിച്ചത്. പ്രതികളെ തിരുനെല്‍വേലി ജയിലിലേക്ക് മാറ്റി.
അതേസമയം പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. പ്രതിയായ തൗഫീഖിന്റെ അമ്മ കോടതിയിലെത്തിയിരുന്നു.
കുഴിത്തുറ ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കാനിരുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയതോടെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്. പ്രതികളുടെ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ കേസ് വരും ദിവസങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.