കൊച്ചി: ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഐജിയുടെ നിയമനത്തെ പരസ്യമായി ഫേസ്ബുക്ക് പേജില്‍ വിമര്‍ശിച്ച് രംഗത്ത് വരാന്‍ ചങ്കൂറ്റം കാണിച്ച യുവ അഭിഭാഷകനിത് അര്‍ഹതക്കുള്ള അംഗീകാരം.
ഏഷ്യാനെറ്റ് ന്യൂസിന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച യുവ പ്രതിഭകളെ ആദരിക്കുന്നതിനാണു കീര്‍ത്തിമുദ്ര പുരസ്‌കാരമാണ് ഹരീഷിനെ തേടിയെത്തിയത്.ബാന്‍ എന്‍ഡോസള്‍ഫാന്‍, സേവ് മൂന്നാര്‍, സേവ് നെല്ലിയാമ്പതി, സേവ് വെറ്റ്‌ലാന്‍ഡ് തുടങ്ങി സമീപകാലത്തുനടന്ന നിരവധി പരിസ്ഥിതി സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചയാളാണ് അഡ്വ. ഹരീഷ് വാസുദേവന്.
നിലവില്‍ കേരള ഹൈക്കോടതിയുലം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ സോണിലും അഭിഭാഷകനാണ്.
പരിസ്ഥിതി പ്രവര്‍ത്തക ഡോ. ലത അനന്ത, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അജയകുമാര്‍ വര്‍മ, ഭൂമിക്കൊരു കൂട്ടായ്മ പരിപാടിയുടെ സാരഥി സി. ജയകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയും പ്രേക്ഷകരും ചേര്‍ന്നാണ് അഡ്വ. ഹരീഷ് വാസുദേവനെ കീര്‍ത്തിമുദ്ര പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.
പരിസ്ഥിതിക്കു പുറമേ രാഷ്ട്രീയം, സാഹിത്യം, കായികം, സംഗീതം, കൃഷി എന്നീ മേഖലകളിലും പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്‌കാരം നല്‍കി ആദരിക്കും. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്‌കാരം.
‘ഭൂമിയില്‍ ജീവന്റെ അനുസ്യൂത പ്രവാഹം നിലനില്‍ക്കണമെന്നും അതില്‍ മനുഷ്യര്‍ മെച്ചമായി ജീവിക്കണമെന്നും ആഗ്രഹിക്കുന്ന അതിനായി പ്രവര്‍ത്തിക്കുന്ന അനേകം മനുഷ്യരുണ്ട്. അറിയപ്പെടാത്തവര്‍. ഇത് അവര്‍ക്കുള്ള അംഗീകാരമാണ്. ‘ പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം ഹരീഷ് പ്രതികരിച്ചു.പരിസ്ഥിതി വിഷയങ്ങളുയര്‍ത്തി നിരന്തരം പോരാട്ടം നടത്തി വരുന്ന ഹരീഷ് വാസുദേവന്‍ സംസ്ഥാനത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും നിത്യ സാന്നിധ്യമാണ്.
അഴിമതിക്കും ക്രിമിനല്‍ ബന്ധങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച ശ്രീജിത്തിനെ റേഞ്ച് ഐജിയാക്കിയ നടപടിയെ ‘ നല്ല ബിരിയാണി ഉണ്ടാക്കിയിട്ട് അത് നശിപ്പിക്കാന്‍ ഒരു തുള്ളി മലം മതിയല്ലോ’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് വിശേഷിപ്പിച്ചിരുന്നത്.സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഈ വിവാദ ഫേസ്ബുക്ക് പോസ്റ്റ്.
ആരോപണവിധേയനായ ഐജിക്ക് വേണ്ടി രംഗത്ത് വന്ന് ഹരീഷിനെതിരെ കമന്റുകളിട്ട ചില ‘തല്‍പ്പര കക്ഷികള്‍’ക്കുള്ള ചുട്ട മറുപടിയാണ് ഏഷ്യാനെറ്റിന്റെ ഈ പുരസ്‌കാരം.ഹരീഷിന്റെ വിശ്വാസ്യതയും കഴിവും അംഗീകരിച്ച് കൊണ്ട് ലഭിച്ച ഈ അവാര്‍ഡ് അന്തിമ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് നല്‍കാന്‍ ഹരീഷ് സന്നദ്ധനായത് വിധി കര്‍ത്താക്കളെ പോലും അമ്പരപ്പിച്ചിരുന്നു.