സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ്ണക്കടത്ത് വിവാദത്തിൽ ഏഷ്യാനെറ്റും സി.പി.എമ്മും തമ്മിൽ നടക്കുന്ന തർക്കവും ചർച്ചയും നാടകമെന്നു സൂചന. സ്വർണ്ണക്കടത്ത് വിവാദം അതിന്റെ എല്ലാ പരിധികളും ലംഘിച്ച് സർക്കാരിനും സിപിഎമ്മിനും പാരയായി വരുമെന്ന സാഹചര്യത്തിലാണ് ഇപ്പോൾ അപ്രതീക്ഷിതമായി ഏഷ്യാനെറ്റിന്റെ ബഹിഷ്‌കരണം വരുന്നത്. റേറ്റിംങ്ങിൽ 24 ഏഷ്യാനെറ്റിനെ പിന്നിലാക്കിയ ആഴ്ച തന്നെ സി.പി.എമ്മിനും സർക്കാരിനും വേണ്ടി സർവേ കൊണ്ടു വന്ന് റേറ്റിംങ് തിരിച്ചു പിടിച്ച രീതിയിലുള്ള മറ്റൊരു തന്ത്രമാണ് ഇപ്പോഴുഴുള്ള സി.പി.എം ഏഷ്യാനെറ്റ് തർക്കമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് സ്വർണ്ണക്കടത്ത് കേസിൽ ചാനൽ ചർച്ചകളിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന വാദം ഉയർത്തി സി.പി.എം പ്രതിനിധികൾ ഔദ്യോഗികമായി ചാനൽ ചർച്ചയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. സി.പി.എം പാർട്ടി തന്നെ ഇതു സംബന്ധിച്ചുള്ള പ്രസ്താവനയും പുരത്തിറക്കി. ഇതിനു പിന്നാലെ സി.പി.എമ്മിന്റെ ഫെയ്‌സ്ബുക്ക്, സോഷ്യൽ മീഡിയ സൈബർ കൂട്ടം ആക്രമണവും ശക്തമാക്കി.
ഏഷ്യാനെറ്റിന്റെ ഫെയ്‌സ്ബുക്ക്, യുട്യൂബ് ചാനലുകൾക്കു നേരെയും സി.പി.എം സൈബർ വെട്ടുകിളിക്കൂട്ടത്തിന്റെ വൻ ആക്രമണം ഉണ്ടായി. ഏഷ്യാനെറ്റിന്റെ ലൈക്ക് അൻപത് ലക്ഷത്തിൽ നിന്നും 48 ലക്ഷമാക്കി കുറയ്ക്കാനും ഈ ആക്രമണത്തിലൂടെ കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഏഷ്യാനെറ്റിന്റെ ചുമതലക്കാരനായ എം.ജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ഓൺലൈനിൽ വിശദീകരണവുമായി എത്തിയത്. ഇതിനു മറുപടിയുമായി സി.പി.എം നേതാക്കൾ ഓരോരുത്തരായി വിശദീകരണവുമായി ഫെയ്‌സ്ബുക്കിലും സോഷ്യൽ മീഡിയയിലും എത്തുന്നുണ്ട്.
ഇതെല്ലാം കൂട്ടി വായിക്കുമ്പോഴാണ് ഏഷ്യാനെറ്റും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു പിന്നിലെന്നു സംശയിക്കേണ്ടി വരും. കഴിഞ്ഞ ഒരു മാസമായി ചാനൽ റേറ്റിംങിൽ 24 ബഹുദൂരം മുന്നിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വൻ സമ്മർദം ഉണ്ടായത്. ഇതിനു ശേഷമാണ് ബഹിഷ്‌കരണവും വിവാദവും ഉണ്ടായത്.
നേരത്തെ ബി.ജെ.പി ഏഷ്യാനെറ്റിന്റെ ചാനൽ ചർച്ചകൾ ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ ബഹിഷ്‌കരണ സമയത്ത് പോലും ഏഷ്യാനെറ്റ് നേരിട്ട് എത്തി വിശദീകരണം നൽകിയിരുന്നില്ല. എന്നാൽ, സി.പി.എമ്മിന്റെ ബഹിഷ്‌കരണം വന്നതോടെ വിശദീകരണവുമായി എം.ജി രാധാകൃഷ്ണൻ എത്തുന്നു. സി.പി.എം നേതാക്കൾ മറുപടിയുമായി എത്തുന്നു. ഇതിനെല്ലാം ഒടുവിൽ ആത്യന്തികമായി ഗുണമുണ്ടായത് ഏഷ്യാനെറ്റിനു തന്നെയാണ്.
ഏഷ്യാനെറ്റിന്റെ വ്യൂവർഷിപ്പ് രണ്ടു ദിവസം കൊണ്ട് കുതിച്ചു കയറുകയാണ്. സി.പി.എമ്മുകാർ അടക്കം എം.ജി രാധാകൃഷ്ണന്റെ വിശദീകരണം കേൾക്കാനായി എത്തുകയും ചെയ്തു. ഇതെല്ലാം കൂട്ടി വായിക്കുമ്പോഴാണ് സി.പി.എമ്മും ഏഷ്യാനെറ്റും തമ്മിലുള്ള രഹസ്യ അജണ്ട പുറത്തു വരുന്നത്.