പഞ്ചാബിലും ഗോവയിലും കനത്ത പോളിംഗ്; പഞ്ചാബില്‍ 70 ശതമാനം ഗോവയില്‍ 83 ശതമാനം വോട്ടിങ്

ചണ്ഡീഗഢ്: പഞ്ചാബിലും ഗോവയിലും കനത്ത പോളിംഗ് രേഖപ്പെടുത്തി വോട്ടെടുപ്പ് അവസാനിച്ചു. പഞ്ചാബില്‍ 70 ശതമാനം പോളിംഗും ഗോവയില്‍ 83 ശതമാനം പോളിംഗും രേഖപ്പെടുത്തി. അകാലിദള്‍ കോട്ടയായ മണ്ഡലങ്ങളില്‍ ഇത്തവണ പോളിംഗ് കുത്തനെ ഇടിഞ്ഞത് ബിജെപി സഖ്യത്തിനു തിരിച്ചടിയായി. പഞ്ചാബില്‍ നിന്നും 12 ലക്ഷം ലിറ്റര്‍ മദ്യവും 2500 കിലോ മയക്കുമരുന്നും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 58 കോടി രൂപ പണമായും പിടിച്ചെടുത്തു.

വടക്കന്‍ ഗോവയിലും തെക്കന്‍ ഗോവയിലും ശക്തമായ പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ ഗോവയില്‍ 84 ശതമാനവും തെക്കന്‍ ഗോവയില്‍ 81.5 ശതമാനവും ആണ് പോളിംഗ്. പഞ്ചാബില്‍ നിന്നു പിടികൂടിയത് 13.34 കോടി രൂപ വിലമതിക്കുന്ന 12.43 ലക്ഷം കുപ്പി മദ്യമാണ്. 18.26 കോടി രൂപ വിലമതിക്കുന്ന 2598 കിലോ മയക്കുമരുന്നും ആണ്. പോളിംഗ് പൊതുവെ സമാധാനപരം ആയിരുന്നെങ്കിലും പഞ്ചാബില്‍ ഒറ്റപ്പെട്ട ചില അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബിലെ താണ്‍ തരണിലെ ലാലു ഘുമാന്‍ ഗ്രാമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ ഒരാള്‍ക്കു വെടിയേറ്റു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലുള്ള പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഗോവയില്‍ നടപ്പാക്കിയതായി കമ്മിഷന്‍ വ്യക്തമാക്കി. ഗോവയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗും നടപ്പാക്കിയിരുന്നു.

എഎപിയുടെ സാന്നിധ്യമാണ് പഞ്ചാബിലെയും ഗോവയിലെയും പ്രധാന സവിശേഷത. അതുകൊണ്ടു തന്നെ ത്രികോണമത്സരമായിരുന്നു നടന്നത്. പ്രചാരണ രംഗത്ത് എഎപി നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസിനും ബിജെപിക്കും തലവേദനയുണ്ടാക്കിയിട്ടുണ്ട്. പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. 1.98 കോടി വോട്ടര്‍മാരും. പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യവും ഗോവയില്‍ ബിജെപിയുമാണ് അധികാരത്തില്‍. ഗോവയില്‍ 40 അംഗ നിയമസഭയിലേക്ക് 250 സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. 11 ലക്ഷം മാത്രം വോട്ടര്‍മാരുണ്ട്.

നോട്ട് അസാധുവാക്കലിനുശേഷം വരുന്ന തെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്ന വിലയിരുത്തല്‍ കൂടിയാണിത്. റെക്കോര്‍ഡ് വോട്ടു രേഖപ്പെടുത്തണമെന്ന് പഞ്ചാബിലെയും ഗോവയിലെയും വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചിരുന്നു.

Top