ദുബായ്: മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനായി. ബാങ്കുകളുമായി ധാരണയില്‍ ആയതിന് പിന്നാലെ രണ്ടു ദിവസം മുമ്പ് അദ്ദേഹം ജയില്‍ മോചിതനായി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. നല്‍കിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബായിലെ 23 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസുനല്‍കിയിരുന്നത്.
അറ്റ്ലസ് രാമചന്ദ്രന്‍ 2015 മുതല്‍ ദുബായില്‍ ജയിലിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഗള്‍ഫിലെ മലയാളി ബിസിനസ് അതികായകരുടെ പട്ടികയിലായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. സിനിമാ നിര്‍മാതാവ്, നടന്‍, സംവിധായകന്‍ എന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ അമരക്കാരന്‍.
കവിയും അക്ഷരശ്ലോക വിദ്വാനുമായ വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂെലെ 31 ന് ജനിച്ച രാമചന്ദ്രന്‍ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കില്‍ ഡല്‍ഹി ഓഫീസില്‍ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എന്‍.ആര്‍.ഐ. ഡിവിഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഗള്‍ഫിലേക്കു ചേക്കേറുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നു ജനങ്ങള്‍ കൗതുകത്തോടെ കണ്ട സ്വന്തം പരസ്യത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടമുറപ്പിച്ച അറ്റ്ലസ് ജൂവല്ലറി 1980 ന്റെ തുടക്കത്തില്‍ കുെവെത്തിലായിരുന്നു ആരംഭം. പിന്നീട് അസൂയ വളര്‍ത്തുന്ന വിധത്തിലായിരുന്നു രാമചന്ദ്രന്റെ വളര്‍ച്ച. യു.എ.ഇ. യിലെ ഷാര്‍ജ, അബുദാബി, റാസല്‍െഖെമ, അല്‍ ഐന്‍ എന്നീ നഗരങ്ങളില്‍ നിരവധി ഷോറൂമുകള്‍ക്ക് പുറമെ സൗദി അറേബ്യയിലും കുെവെത്തിലും ദോഹയിലും മസ്‌കറ്റിലും ഖത്തറിലുമായി നാല്‍പതോളം വിദേശ ഷോറൂമുകള്‍. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകള്‍. സ്വര്‍ണ വിപണിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണു സിനിമാ മേഖലയും രാമചന്ദ്രന്‍ കയ്യടക്കുന്നത്.
1988 ല്‍ മലയാള സിനിമയില്‍ ചരിത്രം കുറിച്ച വെശാലി എന്ന ചിത്രത്തിനൊപ്പം മോഹന്‍ലാലിനു പുരസ്‌കാരം നേടിയെടുത്ത വാസ്തുഹാര, ധനം എന്നിവയുടെയും മമ്മൂട്ടിയുടെ സുകൃതവും ഉള്‍പ്പെടെ ഒട്ടേറെ സിനിമകളുടെയും നിര്‍മാതാവായിരുന്നു. അക്കാലത്ത് സിനിമാ മേഖലയില്‍ ഇദ്ദേഹം അറിയപ്പെട്ടത് വൈശാലി രാമചന്ദ്രന്‍ എന്ന പേരിലായിരുന്നു. ആനന്ദ ഭൈരവി, അറബിക്കഥ, സുകൃതം, മലബാര്‍ വെഡ്ഡിങ്, ഹരിഹര്‍നഗര്‍ 2, തത്ത്വമസി, ബോംബെ മിഠായി, ബാല്യകാലസഖി എന്നീ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമ സംവിധാനം ചെയ്തു.
ജുവലറി ബിസിനസില്‍ നിന്നു മാത്രം 3.5 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വാര്‍ഷിക വിറ്റുവരവ് കൊയ്ത രാമചന്ദ്രന്‍ മസ്‌കറ്റില്‍ രണ്ട് ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി. ഗള്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. രാമചന്ദ്രന്‍ നടത്തിയ ഭൂമിയിടപാടുകളില്‍ താല്‍പ്പര്യമുണ്ടായിരുന്ന മലയാളിയായ മറ്റൊരു ബിസിനസ് പ്രമുഖനുമായി കൊമ്പുകോര്‍ത്തതാണ് വിനയായത്. ഗള്‍ഫിലെ രാജകൊട്ടാരങ്ങളില്‍ പോലും സ്വാധീനമുള്ള ഈ പ്രമുഖനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ രാമചന്ദ്രന്റെ തകര്‍ച്ച ആസന്നമാണെന്ന പ്രചാരണം നടത്തി. ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പോലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ദുബായ് പോലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.