കിഴക്കമ്പലം: ക്രിസ്മസ് ആഘോഷത്തിനിടെ അതിഥി തൊഴിലാളികൾ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടു. കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പൊലീസിനെ ആക്രമിച്ചത്. ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. അക്രമികൾ അഞ്ച് പൊലീസ് വാഹനങ്ങൾ തകർത്തു. ഒരു വാഹനം പൂർണമായി കത്തിക്കുകയും ചെയ്തു.
സംഘർഷത്തിനെക്കുറിച്ച് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ജീപ്പുകൾക്ക് നേരെ കല്ലെറിഞ്ഞ തൊഴിലാളികൾ ഒരു വാഹനം തകർക്കുകയും മറ്റൊന്ന് അഗ്നിക്കിരയാക്കുകയും ചെയ്തു. പൊലീസ് വാനിനും പ്രദേശവാസികൾക്കും നേരെയും തൊഴിലാളികൾ കല്ലെറിഞ്ഞു.
അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളിൽ കയറി തൊഴിലാളികൾ ഒളിച്ചിരുന്നു. പുറത്തിറങ്ങി വരാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ തയാറായില്ല. ഇതേതുടർന്ന് പുലർച്ചെ നാലിന് കൂടുതൽ പൊലീസിനെ സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്നും എസ്.പി അറിയിച്ചു.