അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ മകളെയും ഭര്‍തൃമാതാവിനെയും കൊന്ന കേസില്‍ കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: അവിഹിത ബന്ധം തുടരാന്‍ മകളെയും ഭര്‍തൃമാതാവിനെയും കൊന്ന കേസില്‍ കോടതി ഇന്ന് വിധി പറയും. ടെക്‌നോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായിരുന്ന ആറ്റിപ്ര സ്വദേശി നിനോ മാത്യു, ആറ്റിങ്ങല്‍ സ്വദേശി അനുശാന്തി എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ തമ്മിലുളള അവിഹിതബന്ധം നിലനിര്‍ത്തുന്നതിന് മകളെയും ഭര്‍തൃമാതാവിനേയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

2014 ഏപ്രില്‍ 16ന് ആണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം ഉണ്ടാകുന്നത്. അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമന, മകള്‍ സ്വാസ്തിക എന്നിവരെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് ലിജീഷിനെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികളായ നിനോ മാത്യുവും അനുശാന്തിയും തമ്മിലുളള അവിഹിതബന്ധമാണ് അരുംകൊലയില്‍ കലാശിച്ചത്. ഒന്നാംപ്രതിയായ നിനോ മാത്യു ഓമനയേയും സ്വാസ്തികയേയും തലയ്ക്കടിച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. ലിജീഷിന് മാരകമായി മുറിവേറ്റെങ്കിലും ഒരുവിധം രക്ഷപ്പെടുകയായിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്തത് ഇരുവരും ചേര്‍ന്നായിരുന്നു. ഇതിനായി വീടിന്റെ വിവിധ ചിത്രങ്ങള്‍ അനുശാന്തി വാട്‌സ്ആപ്പ് വഴി നിനോ മാത്യുവിന് കൈമാറിയിരുന്നു. ഇരുവരുടെയും പ്രണയം മുതല്‍ കൊല ആസൂത്രണം ചെയ്യുന്നതിലുള്ള പങ്ക് തെളിയിക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘം ഹാജരാക്കി. 49 സാക്ഷികളെയും 41 തൊണ്ടിമുതലുകളും കോടതി തെളിവായി സ്വീകരിച്ചു. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ മാസം 31നു വിധി പറയാന്‍ വച്ചിരുന്ന കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top