തിരുവനന്തപുരം: ആറ്റുകാലിൽ പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ. 2.18ഓടെയാണ് ആറ്റുകാലമ്മയ്ക്ക് നിവേദ്യം അർപ്പിച്ചത്. നിവേദ്യത്തില്‍ പുണ്യജലം തളിച്ചതോടെ പൊങ്കാല അര്‍പ്പിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായി. ഭക്തര്‍ ഇപ്പോള്‍ തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി . രാവിലെ 10.30നാണ് പൊങ്കാല അടുപ്പിൽ തീ പകർന്നത്. ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പിൽ ജ്വലിപ്പിക്കുന്ന അഗ്നി നിമിഷങ്ങൾക്കകംതന്നെ നാടാകെ ഒരുക്കിയിരിക്കുന്ന അടുപ്പുകളിലേക്ക് പകർന്നു.
സര്‍വ്വൈസ്വര്യത്തിനായി ദേവിക്ക് പൊങ്കാല സമര്‍പ്പിച്ച ഭക്തര്‍ മനം നിറഞ്ഞ് മടങ്ങി. ഇനി അടുത്ത വര്‍ഷത്തിനായുള്ള കാത്തിരിപാപണ് ഓരോ ഭക്തയ്ക്കും. അഭീഷ്ടവരദായിനിയായ ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങളാണ് പൊങ്കാല അര്‍പ്പിച്ചത്. പൊള്ളുന്ന ചൂടോ ഒന്നും ആര്‍ക്കും പ്രശ്‌നമായിരുന്നില്ല ദേവിയുടെ നാമം ഉരുവിട്ടപ്പോള്‍ അതികഠിമായ ചൂട് പോലും അവരെ വലച്ചില്ല. ഭക്തിയോടെ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചതിന്റെ ആത്മ നിര്‍വൃതിയായിരുന്നു എല്ലാവരിലും പ്രകടമായത്. ഭര്‍ത്താവായ കോവലനെ വധിച്ചതിന് രൗദ്രഭാവം പൂണ്ട കണ്ണകി ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്നു. ദേവിയുടെ വിജയം ഭക്തജനങ്ങള്‍ പൊങ്കാലയിട്ട് ആഘോഷിക്കുന്നുവെന്നും രൗദ്രഭാവവുമായി വരുന്ന ദേവിയെ ഭക്തജനങ്ങള്‍ പൊങ്കാലയിട്ട് സ്വീകരിച്ചുവെന്നുമാണ് ഐതിഹ്യം.
പുത്തന്‍ കലത്തിലേക്ക് അരിമണികളര്‍പ്പിക്കുമ്പോള്‍ പലരുടെയും മിഴികള്‍ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു. മകള്‍ക്ക് മംഗല്യഭാഗ്യം ലഭിക്കാന്‍, മകന് പരീക്ഷ വിജയിക്കാന്‍, ഭര്‍ത്താവിന്റെ രോഗം മാറാന്‍, കുടുംബ ദോഷം മാറാന്‍. ഇങ്ങനെ എത്രയെത്ര പ്രാര്‍ത്ഥനകളാണ് തിളയ്ക്കുന്ന പൊങ്കാലയ്‌ക്കൊപ്പം സ്ത്രീഭക്തര്‍ ദേവിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടാകുക. എല്ലാ വേദനകളും എല്ലാ ആഗ്രഹങ്ങളും അമ്മ സാധിച്ച് തരുമെന്ന വിശ്വാസം അതാണ് ഓരോ ഭക്തയ്ക്കും കരുത്ത് പകരുന്നത്. മണ്‍കലം ശരീരമായി സങ്കല്‍പ്പിച്ച് അതില്‍ മനസ്സാകുന്ന അരി തിളച്ച് അഹംബോധം ശമിച്ചു ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ അലിഞ്ഞു ആത്മനിര്‍വൃതിയുടെ പായസമായി മാറുന്നു എന്നാണ് സങ്കല്‍പ്പം. പൊങ്കാല നിവേദ്യത്തിനു ശേഷം ശിരോ രോഗങ്ങള്‍ നീങ്ങുവാന്‍ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ്, കാര്യസിദ്ധിക്കായി തെരളി എന്നിവയും ഭക്തര്‍ സമര്‍പ്പിച്ചു.
ഭക്തി സാന്ദ്രമായി പൊങ്കാലയര്‍പ്പിച്ചതിന്റെ ആത്മ നിര്‍വൃതിയുമായാണ് ഭക്തര്‍ മടങ്ങിയത്. ഭക്തര്‍ മടങ്ങി തുടങ്ങിയതോടെ പതിവ് പോലെ നഗരത്തില്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തകൃതിയായി നടക്കുകയാണ്. ആയിരക്കണക്കിന് ആള്‍ക്കാരാണ് വൃത്തിയാക്കുന്നതിനായി നഗരത്തില്‍ ഇറങ്ങിയിരിക്കുന്നത്. പൂര്‍ണ്ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പൊങ്കാല. അതിനാല്‍ തന്നെ പ്ലാസ്റ്റിക് ഒരു വില്ലനായിരുന്നില്ല. ഏറെ ആശങ്കകള്‍ ഉണ്ടായിരുന്ന ദിമായിരുന്നു. കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ അധികാരികളടക്കം ആശങ്കയിലായിരുന്നു. ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ പൊങ്കാല റിസ്‌കെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാം ഭംഗിയായി പര്യവസാനിച്ചതില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നന്ദി പറയണം.
ഭക്തര്‍ തിരികെ മടങ്ങി തുടങ്ങിയതോടെ നഗരത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ അതിനേയും നിയന്ത്രിക്കുകയാണ് പോലീസുകാരുള്‍പ്പെടെയുള്ളവര്‍. ബസ്സുകള്‍ അധിക സര്‍വ്വീസ് നടത്തുന്നുമുണ്ട്. പൊങ്കാലയ്ക്ക് മാസങ്ങള്‍ മുന്‍പ് തന്നെ ഒരുക്കങ്ങളായിരുന്നു തലസ്ഥാന നഗരിയില്‍. ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്നതിനാല്‍ ഏറെ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളായിരുന്നു. ഭക്തര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ക്ഷേത്രത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീഥികളെല്ലാം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. ലക്ഷക്കണക്കിന് അമ്മമാര്‍ ആറ്റുകാല്‍ അമ്മയുടെ സ്തുതികള്‍ ഉരുവിട്ട് ഭക്തിയും ശാന്തിയും നിറഞ്ഞ മനസോടെ അഭീഷ്ടവരദായിനിയായ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചപ്പോള്‍ ലഭിക്കുന്നത് ആത്മസംതൃപ്തി. അമ്മയെ ഒരു നോക്ക് കണ്ട് സായൂജ്യമടയാന്‍ ലക്ഷങ്ങളാണ് ക്ഷേത്രത്തിലേക്ക് ഇടമുറിയാതെ എത്തിയത്.
ഓരോ മണ്‍കലങ്ങളിലും പൊങ്കാല തിളച്ചു തൂവുമ്പോള്‍ നിറഭക്തിയുടെ ആത്മസമര്‍പ്പണമാണ് ഓരോ ഭക്ത മനസിലും. ഉച്ചയ്ക്ക് 2.10നായിരുന്നു പൊങ്കാല നിവേദിച്ചത്. തിടപ്പള്ളിയിലേയും പണ്ടാര അടുപ്പിലെയും പൊങ്കാലകളാണ് ആദ്യം നിവേദിച്ചത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നും നിയോഗിച്ചിട്ടുള്ള 350ഓളം ശാന്തിമാര്‍ ക്ഷേത്രത്തിന്റെ വിവിധ മേഖലകളില്‍ തീര്‍ത്ഥജലം തളിച്ച് പൊങ്കാല നിവേദിക്കുന്ന അവസരത്തില്‍ ആകാശത്ത് നിന്നും ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയും നടത്തി. നിദേവിക്കുന്നത് വരെ അടുപ്പില്‍ തന്നെ പൊങ്കാല അടച്ചു വയ്ക്കണമെന്നാണ് വിശ്വാസം. എന്നാല്‍ ദൂരദിക്കില്‍ നിന്നും എത്തി അമ്പല പരിസരത്ത് പൊങ്കാലയിട്ടവരില്‍ ചിലരൊക്കെ നിവേദ്യ സമയത്തിനു കാത്തു നില്‍ക്കാതെ തമ്പാനൂര്‍ ബസ് സ്റ്റേഷനിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെ എത്തിയിരുന്നു. അവിടെ പൂജാരിമാര്‍ എത്തി തീര്‍ത്ഥം തളിച്ചപ്പോള്‍ അവരുടെ പൊങ്കാലയിലും തീര്‍ത്ഥം വീണു. നേരെ ബസിലും ട്രെയിനുകളിലുമൊക്കെ കയറി വീടുകളിലേക്ക്. അക്ഷരാര്‍ത്ഥത്തില്‍ മനംനിറഞ്ഞുള്ള മടക്കം. ഇനി അടുത്ത വര്‍ഷത്തിനായുള്ള ഭക്തിയോടെയുള്ള കാത്തിരിപ്പ്.
ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കും കൈമാറി. ചെറിയതിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിച്ചത് സഹമേൽശാന്തിയാണ്.വൈകിട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി 7.30ന് കുത്തിയോട്ട വ്രതകാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. രാത്രി പത്തരയ്ക്ക് മണക്കാട് ദേവീ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത്. നാളെ രാവിലെ എട്ടിന് ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.20 ന് കാപ്പഴിച്ച ശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് ഭക്തി നിർഭരമായ സമാപനമാകും.