ന്യൂഡൽഹി : അയോദ്ധ്യയിലെ തർക്കഭൂമി ഹിന്ദു വിശ്വാസികൾക്ക് നൽകി സുപ്രീംകോടതി വിധി . ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഐകകണ്ഠ്യേനയുള്ള വിധി. 1992-ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി പള്ളി നിർമിക്കാൻ മുസ്ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി വിധിച്ചു. അലഹബാദ് വിധി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിന്മേലുള്ള അന്തിമവിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തർക്കഭൂമി മുസ്ലീങ്ങൾക്കില്ല . പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി തർക്കഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങൾക്ക് നൽകണം . സുന്നി വഖഫ് ബോർഡിനു വാദം തെളിയിക്കാനായില്ല . മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീർപ്പാക്കാണമെന്ന് കേന്ദ്ര സർക്കാരിനു സുപ്രീം കോടതിയുടെ നിർദേശം .ഒറ്റ വിധിയാണ് കോടതി പറഞ്ഞത് . അത് ഐക്യകണ്ഠേനയുള്ള വിധിയാണെന്നും സുപ്രീം കോടതി പറഞ്ഞു . തുടർന്ന് കേസിന്റെ നാൾ വഴികളും , ഇരു കൂട്ടരുടെയും വാദങ്ങളിലെ പ്രധാന ഭാഗങ്ങളും പരാമർശിച്ചു .
തുടർന്നായിരുന്നു ചരിത്രത്തിൽ ഇടം നേടിയ വിധി . അലഹബാദ് ഹൈക്കോടതിയുടെ വിധി തള്ളിയ സുപ്രീംകോടതി കൃത്യമായി ഭൂമിയിലുള്ള അവകാശം സ്ഥാപിക്കാൻ സുന്നി വഖഫ് ബോർഡിനായില്ലെന്ന് നിരീക്ഷിച്ചു .ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ടെന്ന് പ്രസ്താവിച്ച കോടതി രാം ലല്ലയുടെ വാദങ്ങൾ അംഗീകരിച്ചു . ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാൻ കോടതിയ്ക്ക് കഴിയില്ല. തർക്കഭൂമിയിലാണ് രാമൻ ജനിച്ചത് എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നതിനു തെളിവുണ്ട്,രാം ചബൂത്രയിലും , സീതരസോയിലും ഹിന്ദുക്കൾ പൂജ നടത്തിയതിനു തെളിവുണ്ട് -തുടങ്ങിയ വാദമുഖങ്ങളും പരാമർശിച്ചു .
തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാമെന്നും പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി തർക്കഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങൾക്ക് നൽകണമെന്നും പ്രസ്താവിച്ചു .ക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ ട്രസ്റ്റ് രൂപീകരിച്ച് ഭൂമി കൈമാറണം. മൂന്ന് മാസത്തിനുള്ളിൽ കേന്ദ്രം ഇതിനായി പദ്ധതി ഒരുക്കണം .
ഖനനത്തിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് ക്ഷേത്ര സ്വഭാവമുണ്ടെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ പരാമർശിച്ച കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ -വിദഗ്ദ്ധ സമിതിയാണെന്നും ചൂണ്ടിക്കാട്ടി . എ.എസ്.ഐ റിപ്പോർട്ട് അനുസരിച്ച് തർക്കമന്ദിരം പണിഞ്ഞത് ഒഴിഞ്ഞ സ്ഥലത്തല്ല. മറ്റൊരു കെട്ടിടത്തിന്റെ മുകളിലാണ്. ആ കെട്ടിടം ഒരു ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട കെട്ടിടമല്ല – കോടതി എ എസ് ഐ റിപ്പോർട്ട് പരാമർശിക്കവെ പ്രസ്താവിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത് . നാൽപ്പത് ദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസിൽ വിധി പറഞ്ഞത് ഒക്ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്.
അയോദ്ധ്യ കേസില്‍ 2010-ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീല്‍ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത് . അയോദ്ധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കാനായിരുന്നു അലഹാബാദ് ഹൈക്കോടതി ലക്‌നൗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി .രാജ്യം കാത്തിരുന്ന വിധിയായതിനാൽ ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത് .പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തുടങ്ങിയ കേസിനാണ് ഇന്ന് പരിസമാപ്തിയായിരിക്കുന്നത് .
അതേസമയം അയോദ്ധ്യാ കേസില്‍ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍ എസ് എസ് സംഘചാലക് മോഹന്‍ ഭാഗവത്. രാജ്യത്തെ ജനതയുടെ ആഗ്രഹത്തിനും ധാര്‍മികവിശ്വാസത്തിനും നീതി ലഭിക്കുന്ന വിധം നല്‍കിയ വിധിയെ രാഷ്ട്രീയ സ്വയം സേവക സംഘം പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിധിയെ ജയപരാജയങ്ങളായി ഒരു കാരണവശാലും കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.