മൂവാറ്റുപുഴ: ഒന്‍പത് വര്‍ഷക്കാലം നിശ്ചലമായി കിടന്നു, ഒടുവില്‍ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. വിശ്വാസ്യത ഉറപ്പുവരുത്താന്‍ രോഗിക്ക് നല്‍കിയ മരുന്ന് കഴിച്ച് തളര്‍ന്നുവീണ ഡോ. പി.എം. ബൈജു ആണ് മരിച്ചത്. മരുന്നു പരീക്ഷിച്ച് ഡോക്ടറിന്റെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.
മുവാറ്റുപുഴ താലൂക്കിലെ പായിപ്ര മാനാറി പണ്ടിരി സ്വദേശി ഡോ. പി.എം. ബൈജു ആണ് മരിച്ചത്. അടിമാലിയിലെ ബൈസന്‍ വാലി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരിക്കെ 2007 ജനുവരി 24നാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ശാന്ത എന്ന രോഗിക്ക് മരുന്നു നല്‍കുകയായിരുന്നു. വീട്ടിലെത്തി മരുന്നു കഴിച്ച സ്ത്രീക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. രോഗിക്ക് അസ്വസ്ഥതയുണ്ടായെന്ന് പരാതിയുമായെത്തിയ ബന്ധുക്കള്‍ക്ക് മുന്നില്‍വെച്ച് ഡോക്ടര്‍ മരുന്ന് സ്വയം കുടിച്ചുകാണിക്കുകയായിരുന്നു.
മരുന്നു കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഡോക്ടറിന്റെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ശരീരം തളര്‍ന്ന് സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഒന്‍പത് വര്‍ഷം തളര്‍ന്ന് കിടന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഡോക്ടറുടെ ബന്ധുക്കള്‍ പൊലീസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ രോഗിയെ കൊല്ലാനായി ആരോ മരുന്നില്‍ വിഷം ചേര്‍ത്തതായിരുന്നുവെന്ന് വ്യക്തമായി. രോഗിയുടെ ഭര്‍ത്താവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തുടരന്വേഷണം ശരിയായി നടന്നില്ല.