പത്തനംതിട്ട : കലമണ്ണില്‍ എന്ന രാഷ്ട്രീയ നേതാവ് ആറന്മുളയില്‍ എയര്‍പോര്‍ട്ട് കച്ചവടമാണ് ചെയ്തതെങ്കില്‍ വടശ്ശേരിക്കരയില്‍ എത്തിയപ്പോള്‍ അത് മെഡിക്കല്‍ കോളേജ് കച്ചവടമായി മാറി. അയ്യപ്പന്റെ പേരിലുള്ള സ്ഥാപനമാകുമ്പോള്‍ മൂല്യം കൂടുമെന്നും കോടീശ്വരന്മാരായ ഇതരസംസ്ഥാന വ്യവസായികള്‍ എത്തിയാല്‍ മോഹവില കിട്ടുമെന്നും കലമണ്ണില്‍ കണക്കുകൂട്ടി.
ആശുപത്രിക്കുവേണ്ട അനുമതികള്‍ ഒക്കെ വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കാമെന്നും ഇദ്ദേഹം ധരിച്ചു. ഒരു പരിധിവരെ ഇക്കാര്യത്തില്‍ കലമണ്ണില്‍ വിജയിക്കുകയും ചെയ്തു. ഇതിന്റെ ഉദാഹരണമാണ് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് നല്‍കിയ ലൈസന്‍സ്. കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫീസും ഫയര്‍ ഫോഴ്സും വൈദ്യുതി വകുപ്പും നിശബ്ദമായി.
ആറന്മുളയില്‍ വിമാനത്താവളം പണിയാണെന്ന പേരിലാണ് പലരില്‍ നിന്നായി പാടങ്ങള്‍ കുറഞ്ഞവിലയ്ക്ക് വാങ്ങിക്കൂട്ടിയത്. എന്നിട്ട് നെല്‍വയലുകളും തോടുകളും നികത്തി ആ വസ്തുക്കള്‍ എല്ലാം കെ.ജി.എസ് ഗ്രൂപ്പിന് വിറ്റു.
കോടികളുടെ കച്ചവടമാണ് അന്ന് നടന്നത്. സാധാരണക്കാര്‍ ചെറിയ തോട്ടങ്ങളും വീടുകളും ഒക്കെ വില്‍ക്കുമ്പോള്‍ കലമണ്ണിലിന്റെ കച്ചവടം വിമാനത്താവളവും മെഡിക്കല്‍ കോളേജുമൊക്കെയാണ്. വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജും വാങ്ങിയത് വില്‍ക്കാന്‍ തന്നെയാണ്. അസ്ഥിപഞ്ജരം പോലെ നില്‍ക്കുന്ന ഈ മെഡിക്കല്‍ കോളേജിനു ചോദിക്കുന്നത് 250 കോടിയാണ്. പലരും വന്നെങ്കിലും 130 കോടിയില്‍ കൂടുതല്‍ ആരും പറഞ്ഞില്ല.
ഈ വിലക്ക് കൊടുക്കുവാന്‍ സ്വയംഭൂ നാടാര്‍ തയ്യാറായിരുന്നെങ്കിലും കലമണ്ണില്‍ എട്ടിനും ഏഴിനും അടുത്തില്ല. 225 കോടി കിട്ടിയാലേ വില്‍ക്കാന്‍ സമ്മതിക്കൂ എന്ന നിലപാടിലാണ് ഇദ്ദേഹം. എന്തായാലും വടശ്ശേരിക്കരക്കാര്‍ക്ക് ആശുപത്രിയുടെ സേവനം കിട്ടാന്‍ ഇനിയും ഏറെ കാത്തിരിക്കണം. കാരണം കോടികള്‍ കയ്യിലുള്ള ആരെങ്കിലും എത്തിയാലേ ഇനി വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിനു ജീവന്‍ വെക്കൂ. അതുവരെ ആശുപത്രി എന്ന ലേബലില്‍ ഇത് തട്ടീം മുട്ടീം പോകും. നടക്കട്ടെ …മെഡിക്കല്‍ കോളേജ് കച്ചവടം. (തുടരും……)