ആര്‍ക്കും തടയാന്‍ കഴിയാത്ത രീതിയില്‍ ഇന്ധന വില കുതിക്കുകയാണ്. ഒരോ ദിവസവും റെക്കോര്‍ഡ് ഇട്ടുകൊണ്ട് മുന്നേറുന്ന ഇന്ധന വില ഇന്ന് പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.
എന്നാല്‍ ദിനംപ്രതി ഉയരുന്ന ഇന്ധനവിലയില്‍ സംഘപരിവാര്‍ ക്യമ്പിലും അതൃപ്തി പുകയുന്നു. ബിജെപി അനുഭാവികളും സഹയാത്രികരും ഉള്‍പ്പെടെ ഇന്ധനവില വര്‍ദ്ധനവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വില നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചില്ലെങ്കില്‍ പ്രത്യഘാതം നേരിടേണ്ടി വരുമെന്ന് യോഗ ഗുരു ബാബ രാംദേവ് അഭിപ്രായപ്പെട്ടു.
വര്‍ദ്ധിക്കുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. സര്‍ക്കാര്‍ നികുതി നീക്കിയാല്‍ ലിറ്ററിന് 40 രൂപ നിരക്കില്‍ ഇന്ധനം വില്‍ക്കാനാകുമെന്നും ബാബ രാംദേവ് പറഞ്ഞു. ഇന്ധനവില നിയന്ത്രിച്ചില്ലെങ്കില്‍ മോദി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രയും താഴ്ന്നിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
രാജ്യത്തെ സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മോദിക്കാവും. കുതിക്കുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് അദ്ദേഹത്തിനറിയാം. എത്രയും വേഗം അത് ചെയ്തേ പറ്റൂ. അല്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും.-ബാബ രാംദേവ് പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ബാബ രാംദേവിന്റെ വിമര്‍ശനം.