ബാബരി മസ്ജിദ് തകര്‍ത്ത ഗൂഢാലോചന കേസിൽ സി.ബി.ഐ കോടതി വിധി അല്‍പ്പസമയത്തിനകം.എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമാഭാരതിയും ഉൾപ്പെടെ 32 പ്രതികൾ

ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണുള്ളത്. 28 വർഷം പഴക്കമുള്ള കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികൾ. ഇവരെല്ലാവരും ഹാജരാകണമെന്ന് പ്രത്യേക കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും പ്രായാധിക്യവും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അദ്വാനിയടക്കമുള്ളവർ ഹാജരാകില്ലെന്നാണ് സൂചന. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഉമാഭാരതി മാത്രമേ എത്തില്ലെന്ന് അറിയിച്ചിട്ടൂള്ളൂവെന്ന് കോടതി വൃത്തങ്ങൾ പറഞ്ഞു. വിധി പറയുന്ന ജ‍ഡ്ജി എസ്.കെ. യാദവ് വിരമിക്കുന്നതും ഇന്നാണ്. 28വര്‍ഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പുറപ്പെടുവിക്കുന്നത്.

സിആര്‍പിസി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കം കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിധി പറയുന്നത്. മുൻ ഉപ പ്രധാനമന്ത്രി എൽ. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇവരോട് കോടതിയിൽ ഹാജരാകണമെന്ന് സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. കല്യാൺ സിങും ഉമാഭാരതിയും കോവിഡ് ബാധിതരായിരുന്നു. ഇവർ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട് നീണ്ട 28 വര്‍ഷത്തെ നിയമനടപടികൾക്ക് ശേഷമാണ് കേസിൽ വിധി പുറപ്പെടുവിക്കുന്നത്. 2017ൽ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികൾ നീണ്ടു. ഈ വര്‍ഷം ഏപ്രിലോടെ നടപടികൾ പൂര്‍ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നൽകി. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനൽകി.

1992 ഡിസംബര്‍ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകര്‍ത്തത്. രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഭൂമിത്തർക്ക കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

വിധി വരുന്ന പശ്ചാത്തലത്തിൽ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചു. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിസ്തരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് ഇവർ കോടതിയിൽ പറഞ്ഞത്. പ്രതികളിൽപ്പെട്ട ബിജെപി എംപി സാക്ഷി മഹാരാജ്, രാമജന്മഭൂമി ക്ഷേത്രനിർമാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപട് റായ്, മുൻ എംപി വിനയ് കട്യാർ, മുൻ മധ്യപ്രദേശ് മന്ത്രിയും ബജ്‌റങ് ദൾ നേതാവുമായിരുന്ന ജയ്ഭാൻ സിങ് പവയ്യ തുടങ്ങിയവർ ഇന്ന് ഹാജരാകുമെന്നറിയിച്ചിട്ടുണ്ട്.32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു. 47 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 17 പേർ വിചാരണ കാലയളവിൽ മരണപ്പെട്ടു. രാമക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് 1992ലാണ് പള്ളി തകർക്കപ്പെട്ടത്.

Top