വിസ്‌കോണ്‍സിന്‍ : ക്രിസ്മസിനോടനുബന്ധിച്ച് പുതിയ ഹെയര്‍ സ്റ്റൈല്‍ എന്ന ആവശ്യവുമായാണ് 22 കാരന്‍ ആ ബാര്‍ബര്‍ ഷോപ്പിലെത്തിയത്. എന്നാല്‍ മുറിഞ്ഞ് രക്തമൊലിക്കുന്ന ചെവിയും മധ്യത്തില്‍ ഷേവ് ചെയ്യപ്പെട്ട തലയുമായാണ് അയാള്‍ക്ക് മടങ്ങേണ്ടി വന്നത്. അമേരിക്കയിലെ വിസ്‌കോണ്‍സ് നഗരത്തിലാണ് നടുക്കുന്ന സംഭവം.രണ്ടാം നമ്പര്‍ ക്ലിപ്പര്‍ ഉപയോഗിച്ച് തലയുടെ വശങ്ങളിലെ മുടി മുറിക്കണമെന്നും ഉച്ചിയില്‍ കത്രിക ഉപയോഗിച്ച് മുടിവെട്ടണമെന്നും യുവാവ് ആവശ്യപ്പെട്ടു. അങ്ങനെ ബാര്‍ബര്‍ പണി തുടങ്ങുകയും ചെയ്തു. എന്നാല്‍ യുവാവിന്റെ താല്‍പ്പര്യത്തിന് വിപരീതമായാണ് ഷബാനി ഖാലെദ് എന്ന ബാര്‍ബര്‍ മുടി മുറിക്കല്‍ ആരംഭിച്ചത്. അതായത് വശങ്ങളില്‍ കത്രിക ഉപയോഗിക്കുകയും മുകള്‍ ഭാഗത്ത് ട്രിമ്മര്‍ വെയ്ക്കുകയും ചെയ്തു. മൂര്‍ച്ചയുള്ള കത്രിക അശ്രദ്ധമായി ഉപയോഗിച്ചതോടെ യുവാവിന്റെ ചെവി മുറിഞ്ഞ് അറ്റുതൂങ്ങി. 22 കാരന്‍ വേദനയാല്‍ പുളഞ്ഞു. മുറിഞ്ഞ ചെവിയില്‍ നിന്ന് വന്‍തോതില്‍ രക്തശ്രാവവുമുണ്ടായി. അതിന് മുന്‍പ്, രണ്ടാം നമ്പര്‍ ട്രിമ്മര്‍ ഉപയോഗിക്കുന്നതിന് പകരം സീറോയില്‍ ഉച്ചിയില്‍ മുടി ഷേവ് ചെയ്യുകയും ചെയ്തിരുന്നു. ബാര്‍ബറോട് കയര്‍ത്ത യുവാവ് ചെവി പൊത്തി ഉടന്‍ ആശുപത്രിയിലേക്കോടി. ക്രിസ്മസ് ആഘോഷം പ്രമാണിച്ച് പുതിയ ഹെയര്‍സ്റ്റൈല്‍ എന്ന മോഹവുമായെത്തിയ 22 കാരന്‍ ഒടുവില്‍ ദുരിതത്തിലായി. ചികിത്സയ്ക്ക് ശേഷം ഇയാള്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റിനെതിരെ പൊലീസിനെ സമീപിച്ചു. അന്വേഷണത്തില്‍ ബാര്‍ബര്‍ കുറ്റക്കാരനാണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. 46 കാരനാണ് ബാര്‍ബര്‍ ഷബാനി ഖാലെദ്. എന്നാല്‍ മനപ്പൂര്‍വമല്ല അറിയാതെ സംഭവിച്ചതാണെന്നാണ് ഇയാളുടെ വാദം.