തിരുവനന്തപുരം :അകാലത്തിൽ പൊലിഞ്ഞുപോയ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ ഒരു വേദനയായി മാറുകയാണ് കലാലോകത്ത് . എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരിക്കൽ ഫെയ്സ് ബുക്കിലൂടെ ബാലഭാസ്കർ ഒരു പ്രഖ്യാപനം നടത്തിഎത്തും ഇപ്പോൾ ചർച്ചയാവുകയാണ് . താൻ സംഗീത ജീവിതം അവസാനിപ്പിക്കുവാൻ പോകുന്നു ! ഏറ്റവുമടുത്ത ഒരു സുഹൃത്തിൽ നിന്നും നേരിട്ട വഞ്ചനയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമായത്. ‘ജീവിതത്തിൽ എല്ലാവർക്കും മനസാക്ഷി സൂക്ഷിപ്പുകാർ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ സുഹൃത്ത്. ഞാൻ അയാളുമായി സ്വപ്നങ്ങൾ പങ്കിട്ടു. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾ എടുത്തതും സുഹൃത്തുക്കളോട് ആലോചിച്ചാണ്. ഒരു ഘട്ടത്തിൽ അടുത്ത സുഹൃത്തിൽനിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി. എനിക്കു സ്റ്റേജിൽ നിൽക്കാൻ കഴിയുന്നില്ല. സത്യസന്ധമായ സംഗീതം എന്നിൽ നിന്നു പുറത്തുവന്നില്ല. അത് എന്നോടും എന്നെ സ്നേഹിക്കുന്നവരോടും ചെയ്യുന്ന ചതിയാണ്. –ഇതായിരുന്നു ബാലഭാസ്കറിന്റെ വാക്കുകൾ.ഫെയ്സ് ബുക്ക് പോസ്റ്റിനു ശേഷം ഒരുപാടു പേർ നേരിട്ട് ബന്ധപ്പെടുകയും തീരുമാനം പിൻവലിക്കണമെന്നു ബാലഭാസ്കറോട് ആവശ്യപ്പെടുകയും ചെയ്തു. ആളുകൾ തന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെ തീരുമാനത്തിൽ നിന്നു പിന്മാറുകയാണെന്നു ബാലഭാസ്കർ പിന്നീടു കുറിച്ചു.
ഈ അമ്മമാരുടെ കണ്ണീർ തോരുന്നില്ല…! ലക്ഷ്മിയോട് എന്തു പറയുമെന്ന് ആർക്കുമറിയില്ല
വെന്തുനീറുന്ന ഈ അമ്മമാരുടെ മനസ് ആർക്കു വായിക്കാനാകും? കരഞ്ഞു കണ്ണീരു വറ്റിയ ഇവരുടെ ഹൃദയ നൊമ്പരത്തെ ആർക്കു സാന്ത്വനിപ്പിക്കാനാകും? ബാലഭാസ്കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുമാണ് ഈ അമ്മമാർ. വസതിയായ തിരുമല വിജയമോഹിനി മില്ലിനു സമീപം എൽഐസി ലെയ്നിൽ ‘ഹിരൺമയ’യിലേക്കു ബാലഭാസ്കറിന്റെ ചേതനയറ്റ മൃതദേഹം എത്തിയപ്പോൾ രണ്ട് അമ്മമാരും അലമുറയിട്ടു കരഞ്ഞു.പൊന്നുമോന്റെ മുഖത്തേക്കു വീണ്ടും നോക്കാനാകാതെ ശാന്തകുമാരി മോഹാലസ്യപ്പെട്ടു. ബന്ധുക്കൾ ചേർന്ന് ഇരുവരെയും അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ആ കാഴ്ച കാണാനാവാകെ വീട്ടിൽ കൂടിയവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. ബാലഭാസ്കറിന്റെ അച്ഛൻ സി.കെ.ഉണ്ണിയും (ചന്ദ്രൻ) ലക്ഷ്മിയുടെ അച്ഛൻ സുന്ദരേശൻ നായരും ദു:ഖം താങ്ങാനാവാതെ തളർന്ന നിലയിലാണ്.
ബാലഭാസ്കറും ലക്ഷ്മിയും ഒരുമിച്ചു ജീവിതം തുടങ്ങിയ വീടാണിത്. ഇന്നലെ വൈകിട്ടു ബാലഭാസ്കറിന്റെ ശരീരം അവിടെയെത്തിക്കുമ്പോൾ ലക്ഷ്മി വീട്ടിലില്ല. അപകടത്തിൽ ഗുരുതര പരുക്കേറ്റ ലക്ഷ്മി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണവിവരം ലക്ഷ്മിയെ അറിയിച്ചിട്ടില്ല. കണ്ണു തുറക്കുമ്പോൾ ലക്ഷ്മിയോട് എന്തു പറയുമെന്ന് ആർക്കുമറിയില്ല. എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും. കോളജ് പഠനത്തിനിടെ പ്രണയിച്ച് 22–ാം വയസിൽ ബാലുവിന്റെ ജീവിതപങ്കാളിയായ ലക്ഷ്മിക്ക് തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകൾ ജാനിക്കും സംഭവിച്ച ദുരന്തം താങ്ങാനാകുമോയെന്ന് അവർക്കു ഊഹിക്കാൻ പോലുമാകുന്നില്ല.ഓർമ്മകളും സംഗീതവും ബാക്കിയാക്കി ബാലു വിടവാങ്ങുമ്പോൾ ലക്ഷ്മിയെ ഓർത്താണ് ഈ അമ്മമാരുടെ ഇനിയുള്ള കണ്ണീരത്രയും. ബാലഭാസ്കറിനെ ഒരു നോക്കു കാണാൻ ഹിരൺമയയിലേക്ക് ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒട്ടേറെ പേരെത്തി