വാഹനമോടിച്ചത് ബാലഭാസ്‌കറെന്നു മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇയില്‍ സര്‍ക്കാര്‍ ഡ്രൈവര്‍.കേസ് ‘സ്വപ്‌ന സുരേഷ്’ അട്ടിമറിച്ചുവെന്ന് സൂചന.സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി

കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സ്വപ്‌ന സുരേഷ് അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. അപകട സമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജിയുടെ പുതിയ ജോലിയാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. അജി പിന്നീട് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറായതു ദുരൂഹതകള്‍ ആക്കം കൂട്ടുന്നു.

അജിയ്ക്ക് ഈ ജോലി കിട്ടിയത് സ്വപ്‌ന സുരേഷിന്റെ സ്വാധീനത്താലാണെന്നാണ് സൂചന. അപകട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന കലാഭവന്‍ സോബിയുടെ മൊഴിയും കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്.അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ കാറിനു പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നല്‍കുകയും ചെയ്തു.

അതോടെ സ്വര്‍ണക്കള്ളക്കടത്തുകാരുടെ ബന്ധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ കേസിന് വഴിത്തിരിവാണ്.അജിയുടെ മൊഴിയില്‍ ഏറെ ദുരൂഹതയുണ്ടായിരുന്നു. ബാലഭാസ്‌കറാണ് വണ്ടി ഓട്ടിച്ചതെന്ന് വരുത്താനും ശ്രമം നടന്നു. ഇതെല്ലാം ഇനി സംശയ നിഴലിലാകും.

ഇതിനിടെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസകറായിരുന്നെന്നാണ് ഹര്‍ജിയിലെ വാദം.അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസിലെ 25 പേര്‍ ഇപ്പോഴും ഒളിവിലാണ്. എട്ടു പേര്‍ക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി.കേരളത്തിലേക്ക് 700 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ സ്വര്‍ണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും.

കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തിനു മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയായിരുന്നു അത്. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്‌കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം ഒമ്പത് പേരാണ് അന്ന് അറസ്റ്റിലായത്.അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.

കാര്‍ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷര്‍ട്ടും ബര്‍മുഡയുമാണെന്ന് അജി പറയുന്നു.എന്നാല്‍, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അര്‍ജുനായിരുന്നു. ബാലഭാസ്‌കര്‍ കുര്‍ത്തയാണ് ധരിച്ചിരുന്നത്. ഇതോടൊപ്പം എടുത്ത മറ്റു സാക്ഷിമൊഴികളിലെ വൈരുധ്യവും കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി.അതിനിടയില്‍ ബാലഭാസ്‌ക്കറിനെതിരെ നടന്നതുകൊലപാതകശ്രമമാണെന്ന സംശയങ്ങളും കേസിനെ പല വഴികളിലേക്ക് തിരിച്ചുവിട്ടു. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കാര്യങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക് കൊണ്ടെത്തിക്കുകയാണ്.

അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സമെന്റ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെമാറ്റി. മാറ്റത്തില്‍ പ്രതിഷേധിച്ച് അഡ്വ.ഷൈജന്‍ സി ജോര്‍ജ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള പ്രതികളെ ആവശ്യപ്പെട്ട്എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി രണ്ട് തവണ ഹാജരായ അഭിഭാഷകനെയാണ് ഇന്ന് അപേക്ഷ പരിഗണിക്കാനിരിക്കെ മാറ്റിയത്.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പാനലില്‍ ഇല്ലാത്ത ഹൈകോടതി അഭിഭാഷകന്‍ ടി എ. ഉണ്ണികൃഷ്ണനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചുമതലപ്പെടുത്തിയത്. മാറ്റത്തില്‍ പ്രതിഷേധിച്ച് ഷൈജന്‍ സി. ജോര്‍ജ് രാജിക്കത്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടര്‍ മെയില്‍ അയച്ചു. രാഷ്ട്രീയ നീക്കങ്ങളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് ഷൈജന്‍ സി ജോര്‍ജ് പ്രതികരിച്ചു.

കേസിന്റെ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കങ്ങളും ചോദിച്ച് ഹൈകോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വിളിച്ചിരുന്നു. എന്നാല്‍ വകുപ്പ്തല രഹസ്യവിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് താന്‍ അറിയിച്ചു. അസിസ്റ്റന്റ് സോളിസ്റ്റര്‍ ജനറലിന്റെ നിര്‍ദേശാനുസരണമാണ് വിളിക്കുന്നതെന്നാണ് വിളിച്ച അഭിഭാഷകന്‍ പറഞ്ഞത്. പുതിയതായി നിയമിച്ച ഉണ്ണികൃഷന്‍ ബിജെപി അനുഭാവിയാണ്. എല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ കേസിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളാണ് വ്യക്തമാകുന്നതെന്നും ഷൈജന്‍ സി ജോര്‍ജ് പറഞ്ഞു.

Top