ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍, വഞ്ചന; സ്വപ്നയെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ കസ്റ്റംസ് ഈ ആഴ്ച ചോദ്യം ചെയ്യും. അത് എൻ.ഐ.എ.കസ്റ്റഡിയിൽ വേണോ, കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ വാങ്ങി വേണോയെന്ന് തീരുമാനം എടുത്തിട്ടില്ല.രേഖകൾ കൃത്രിമമായി ഉണ്ടാക്കിയതാണ് സരിത്തിൻ്റെ പ്രധാന പങ്കാളിത്തമെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2016 മാര്‍ച്ചില്‍ കണ്ടോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ് ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ല്‍ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്ന സുരേഷിനെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. അഞ്ചുമാസം ഹൈക്കോടതി അനുവദിച്ചത് ഈ ജൂലൈ അവസാനം കഴിയുകയാണ്.

ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്‌ന സുരേഷില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഈ കേസ്സില്‍ രണ്ടു തവണ സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിനായി ഹാജരാകാന്‍ വീണ്ടും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുക ആയിരുന്നു. പിന്നീട് സ്വര്‍ണക്കടത്ത കേസില്‍ ഉള്‍പ്പെട്ടു മുങ്ങുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ഐഎയും കസ്റ്റംസും ചോദ്യം ചെയ്തതിനു ശേഷം കസ്റ്റഡി കാലാവധി തീരുന്ന മുറക്ക് സ്വപ്നയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ശ്രമം. ഒന്നാം പ്രതിയായ ബിനോയ് ജേക്കബ് കൊച്ചി എയര്‍പോര്‍ട്ടിലും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അറിയുന്നു. ഉയര്‍ന്ന തസ്തികളില്‍ ജോലി സമ്പാദിക്കുവാന്‍ സ്വപ്ന സുരേഷിനെ പോലെ ബിനോയ് ജേക്കബും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതായി സംശയിക്കപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലേക്ക് ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ്.

അതേസമയം ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിൻ്റെ തുടക്കം സരിത്തും സന്ദീപും തമ്മിൽ കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന ഒരു സൗഹൃദ സംഭാഷണത്തിൽ നിന്നാണ്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ദുബൈയിൽ നിന്നാണ് വരുന്നതെന്നും ഇതിന് പരിശോധനയില്ലെന്നും സരിത് സന്ദീപിനോട് പറഞ്ഞു. എങ്കിൽ എന്തുകൊണ്ട് ഈ വഴി സ്വർണം കടത്തിക്കൂടാ എന്ന് സന്ദീപ് അന്ന് ചോദിച്ചു. അറ്റാഷെയുമായി അടുത്ത സൗഹൃദമുള്ള സ്വപ്നയുടെ സഹായം ഉണ്ടെങ്കിൽ ഇത് നിസാരമായി നടത്താം എന്ന് സന്ദീപ് തീരുമാനിച്ചു.

ഈ ആശയം സ്വപനയുമായി പങ്കുവച്ചപ്പോൾ എല്ലാ സഹകരണവും അവർ വാഗ്ദാനം ചെയ്തു. അറ്റാഷെയോട് ഇക്കാര്യം പറയുന്നതും സ്വപ്നയാണ്. എന്നാൽ നാടു കടന്ന അറ്റാഷയെ ചോദ്യം ചെയ്യാനോ മൊഴി രേഖപ്പെടുത്താനോ കഴിയുമെന്ന് എൻ.ഐ.എയ്ക്ക് പ്രതീക്ഷയില്ല. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെങ്കിൽ അവരുടെ രാജ്യത്തിൻ്റെ അനുമതി വേണം. അതു കൊണ്ട് ഈ ഇടപാടിൽ അറ്റാഷേയ്ക്ക് ഉണ്ടായ നേട്ടത്തെക്കുറിച്ച് കസ്റ്റംസിന് വ്യക്തതയില്ല.എന്നാൽ അറ്റാഷെയ്ക്ക് സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസ് ഉറപ്പിക്കുന്നു. സ്വർണ്ണം വാങ്ങേണ്ടവരെയും പണം നിക്ഷേപിക്കുന്നവരെയും കണ്ടെത്തിയത് റമീസാണ്.

സന്ദീപും റമീസും 2014ൽ 1.5 കിലോഗ്രാം സ്വർണ്ണം കടത്തി. ഇത് കസ്റ്റംസ് പിടിക്കുകയും കേസ് എടുക്കുകയും ചെയ്തു. ഇതിന് മുൻപും ശേഷവും സന്ദീപ് സ്വർണ്ണം കടത്തിയിട്ടുണ്ടാകും എന്നാണ് കസ്റ്റംസ് കരുതുന്നത്. അതുകൊണ്ടാണ് സ്വർണ്ണക്കടത്ത് ശൃംഖലകളുമായി ഇവർക്ക് ബന്ധമുണ്ടായത്. സ്വർണ്ണം കടത്തി ലഭിച്ച പണം ഉപയോഗിച്ച് സ്വപ്നയും സന്ദീപും രണ്ട് വർഷം മുൻപ് തിരുവനന്തപുരത്ത് ഭൂമി വാങ്ങിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

Top