തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ബാലഭാസ്‌കര്‍ ചെറുതായി കണ്ണു തുറന്നതായും ലക്ഷ്മിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വന്നതായും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഇത് ശുഭസൂചകമാണ്. ബാലഭാസ്‌കറിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതും മരുന്നുകളോട് ബാലഭാസ്‌കര്‍ പ്രതികരിക്കുന്നതിന്റെ സൂചനയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, കുഞ്ഞിന്റെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാനാണു നിലവില്‍ ബന്ധുക്കളുടെ തീരുമാനം. തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ആശുപത്രിയില്‍ തുടരുകയാണ്. തൃശൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായായിരുന്നു ബാലഭാസ്‌കറും കുടുംബവും. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകട കാരണം. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡീവ്യവസ്ഥകള്‍ക്കുമാണു പരുക്കേറ്റത്.
തുടര്‍ന്ന് ബാലഭാസ്‌കറിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇത് പൂര്‍ണ്ണ വിജയകരമായിരുന്നു. അപകടത്തില്‍ മരിച്ച മകളുടെ സംസ്‌കാര ചടങ്ങുകള്‍ എപ്പോള്‍ നടത്തണമെന്നതിനെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായിരുന്നു. 16 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌കറിന് മകള്‍ പിറന്നത്. അതുകൊണ്ട് തന്നെ ബന്ധുക്കള്‍ തീരുമാനം എടുക്കാന്‍ ഏറെ പാടുപെട്ടു. ഇതിനിടെയിലാണ് ബാലഭാസ്‌കറും ഭാര്യയും മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങിയത്.
നിലവിലെ സാഹചര്യത്തില്‍ രണ്ടു പേരോടും മകളുടെ മരണ വിവരം അറിയിക്കാനാണ് തീരുമാനം. അതിന് ശേഷം കുട്ടിയെ കാണിച്ചു കൊടുക്കുകയും ചെയ്യും. എന്നിട്ട് മാത്രമേ മൃതദേഹം സംസ്‌കരിക്കൂവെന്നാണ് തീരുമാനം. ബാലഭാസ്‌കറിന്റെ കുടുംബത്തിനുണ്ടായ അത്യാഹിതത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സിനിമാലോകവും. പ്രാര്‍ത്ഥനയോടെയാണ് അതിതീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ തടിച്ചുകൂടിയവര്‍ ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്. നൂറുകണക്കിനു പേരാണ് ആശുപത്രിയിലെത്തിക്കൊണ്ടിരിക്കുന്നത്.
മന്ത്രി എ.കെ.ബാലന്‍, സുരേഷ് ഗോപി എംപി., ഗായകന്‍ ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു. ഇതു കൂടാതെ നൂറു കണക്കിന് സുഹൃത്തുക്കളാണ് ബാലഭാസ്‌കറിനു വേണ്ടി പ്രാര്‍ത്ഥനയുമായി എത്തുന്നത്. ബാലഭാസ്‌കറിന്റെ സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്കു ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു.
സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ പിന്നീടേ ഉണ്ടാകൂ. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ലക്ഷ്മിക്കു ബോധം തെളിഞ്ഞുവെങ്കിലും മകള്‍ തേജസ്വിനി ബാലയുടെ മരണവിവരം അറിയിച്ചിട്ടില്ല. ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് തേജസ്വിയെ കിട്ടുന്നത്.നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബാലഭാസ്‌കറിനു ബോധംതെളിയുമെന്നാണു പ്രതീക്ഷ. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ എല്ലുകള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ലക്ഷ്മിയുടെയും ശസത്രക്രിയ കഴിഞ്ഞു. ഇരുവരും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
കോളേജ് പ്രണയത്തിന് ശേഷമുള്ള ബാലഭാസ്‌കറിന്റെ വിവാഹം കൂട്ടുകാര്‍ക്കെല്ലാം ആഘോഷമായിരുന്നു. ഇരു കുടുംബവും ആദ്യ ഘട്ടത്തില്‍ മടിച്ചു നിന്നു. പിന്നെ പതിയെ അടുത്തു. മക്കളില്ലാത്ത ദുഃഖമായിരുന്നു പിന്നീട്. പ്രാര്‍ത്ഥനകള്‍ ദൈവം കേട്ടപ്പോള്‍ കുഞ്ഞു മാലാഖയെത്തി. അതുകൊണ്ട് തന്നെ തേജസ്വിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം. കഴിഞ്ഞ ദിവസവും തൃശൂര്‍ വടക്കുംനാഥനു മുന്നില്‍ മനമുരുകി പ്രാര്‍ത്ഥിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. ഇതിനിടെയാണ് ഡ്രൈവറുടെ ഉറക്കം ദുരന്തമായെത്തിയത്.