അപകടസ്ഥലത്ത് ആദ്യമെത്തിയത് സ്വര്‍ണ്ണക്കടത്തിലെ പ്രതി..!! ബാലഭാസ്‌കറുമായി അടുത്ത ബന്ധം; അപകടമരണത്തിലെ ദുരൂഹത വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: എയര്‍പോര്‍ട്ട് വഴിയുള്ള സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ പ്രതി പിടിയിലായതോടെ കേസ് മറ്റ് പല വഴികളിലേയ്ക്കും സഞ്ചരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയും മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറും തമ്മിലുള്ള ബന്ധമാണ് കേസില്‍ വഴിത്തിരിവായിരിക്കുന്നത്. അപകടമരണത്തില്‍ നിലനിന്നിരുന്ന ദുരൂഹത ഇതോടെ വര്‍ദ്ധിച്ചിരിക്കുകയാണ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശന്‍തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നെന്നുമായിരുന്നു ഭാര്യ ലക്ഷ്മി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രകാശന്‍ തമ്പി സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അന്വേഷണസംഘത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. പ്രകാശന്‍തമ്പിയെ ഏഴെട്ടുവര്‍ഷംമുമ്പ് ഒരുസ്വകാര്യ ആശുപത്രിയില്‍ െവച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇയാള്‍ ആസമയത്തും സ്ഥിരമായി വിദേശയാത്രകള്‍ ചെയ്യാറുണ്ടായിരുന്നു.

ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നത്.

അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശന്‍തമ്പിയാണ്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. പാലക്കാട്ടെ സംഘത്തിന് വിദേശത്തും ചില വ്യാപാരബന്ധങ്ങളുണ്ടായിരുന്നതായി ആരോപണമുണ്ട്. ഇവരുമായി ബന്ധപ്പെട്ടാണ് വിഷ്ണു സ്ഥിരംവിദേശയാത്ര നടത്തിയിരുന്നത്.

ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും. ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

Top