തിരുവനന്തപുരം: ഏറെ വിവാദമായ ബാലഭാസ്കറിന്റെ അപകടമരണത്തിലെ അന്വോഷണം പുതിയ തലത്തിലേക്ക് .മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുളള നുണപരിശോധനയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. നുണപരിശോധനയ്ക്ക് വിധേയാരക്കണമെന്ന് കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി പരിശോധനയെക്കുറിച്ചുളള നിലപാടറിയിക്കാൻ തിരുവനന്തപുരം സി ജെ എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് സമ്മതമാണോ എന്ന് അറിയാനാണിത്. നാലുപേരും സമ്മതം അറിയിച്ചാൽ കോടതി അനുമതി നൽകും.
ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന കലാഭവൻ സോബി എന്നീ നാലുപേരെ ആദ്യഘട്ടത്തിൽ നുണപരിശോധന നടത്താനാണ് സി ബി ഐയുടെ തീരുമാനം. പരിശോധനയ്ക്ക് തയ്യാറാണെന്ന് ചോദ്യംചെയ്യൽ വേളയിൽ നാലുപേരും സി ബി ഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.ബാലഭാസ്കറിന്റെ മരണത്തിനുശേഷം പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പ്രതികളായി. ഇതിനിടെ ഇവർക്ക് മരണത്തിൽ പങ്കുണ്ടെന്ന ആരോപണവുമായി ബാലഭാസ്കറിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു.