തിരുവനന്തപുരം: ബാര്‍ക്കോഴ അഴിമതികേസില്‍ വീണ്ടും മാണിക്കെതിരായുള്ള തെളിവുകള്‍ പുറത്ത്.
മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന വിജിലന്‍സ് വസ്തുതാ വിവര റിപ്പോര്‍ട്ടാണ് ചാനലുകള്‍ പുറത്ത് വിട്ടത്.
കെഎം മാണി ബാറുടമകളില്‍ നിന്ന് രണ്ട് പ്രാവശ്യമായി 25 ലക്ഷം രൂപ വാങ്ങിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍. പാലായിലെ വസതിയില്‍ വെച്ച് ബാറുടമകളില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിയതിന് തെളിവുണ്ട്. തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് 10 ലക്ഷം രൂപയും വാങ്ങി.
മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളില്‍ പണം പിരിച്ചതിന്റെ കണക്ക് ബാര്‍ ബോട്ടല്‍ അസോസിയേഷന്റെ കണക്ക് ബുക്കിലില്ല. പണം പിരിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമില്ല. രാജ് കുമാര്‍ ഉണ്ണിയും ശ്രീവത്സനും നുണ പരിശോധനയ്ക്ക് ഹാജരാകാതിരുന്നത് സംശയകരമെന്നും റിപ്പോര്‍ട്ട്. അമ്പിളിയുടെ നുണ പരിശോധനാ ഫലം സത്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാജ് കുമാര്‍ ഉണ്ണിയുടേയും കെ എം മാണിയുടെയും മൊഴിയില്‍ പ്രകടമായ വൈരുദ്ധ്യം ഉണ്ടായിരുന്നു. പ്രശാന്തിയില്‍ വെച്ച് രാജ് കുമാര്‍ ഉണ്ണിയെ കണ്ടിട്ടില്ലെന്ന് കെ.എം മാണി ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ കെ.എം മാണിയെ കണ്ടിരുന്നതായി രാജ് കുമാര്‍ ഉണ്ണി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.